vellam
ആനയത്തു കുടിവെള്ളത്തിനായി പൈപ്പിൻ മുന്നിൽ പാത്രങ്ങൾ നിരത്തി കാവലിരിക്കുന്ന വീട്ടമ്മ

കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷം. ആനയം, വെൺമണ്ണൂർ, ആനക്കോട്ടൂർ പ്രദേശങ്ങളിൽ ജനങ്ങളാണ് കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ നെട്ടോട്ടമോടുന്നത്.

വേനൽ കടുത്തതോടെ ഉയർന്ന പ്രദേശങ്ങളിലെ കിണറുകളും തോടുകളും കുളങ്ങളും വറ്റിവരണ്ടു.

മുൻ വർഷങ്ങളിലും സമാന അവസ്ഥയായിരുന്നെങ്കിലും ടാങ്കർ ലോറികളിൽ വിതരണക്കാർ എത്തിക്കുന്ന വെള്ളം വിലകൊടുത്തു വാങ്ങുകയാണ് ഇവിടത്തുകാർ ചെയ്തിരുന്നത്. എന്നാൽ ലോക്ക് ഡൗൺ കാരണം ജോലിയും കൂലിയും ഇല്ലാത്തതിനാൽ ഇക്കുറി അതും നടന്നില്ല. കുണ്ടറ ജലസേചന പദ്ധതിയുടെ പൈപ്പ് ലൈൻ കടന്നു പോകുന്നെങ്കിലും ഈ പ്രദേശങ്ങൾ താരതമ്യേന ഉയർന്നതായതിനാൽ വെള്ളം ലഭിക്കുന്നതിന് പ്രയാസമാണ്. പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണയെന്നു ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം നടത്തണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്

ആനയം കുടിവെള്ള പദ്ധതിയും പാളി

ആനയം, വെൺമണ്ണൂർ, ആനക്കോട്ടൂർ പ്രദേശങ്ങളിലെ കുടിവെള്ള വിതരണത്തിനുള്ള ആനയം കുടിവെള്ള പദ്ധതിയുടെ പ്രയോജനവും ഭാഗീകമാന്നെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. പദ്ധതി പ്രധാനമായും ആശ്രയിക്കുന്ന ആനയത്തെ കിണറിലെ ജലനിരപ്പ് താഴ്ന്നതിനാൽ ആഴ്ചയിൽ രണ്ടു തവണ മാത്രമേ ഇവിടെ പമ്പിംഗ് നടക്കാറുള്ളൂ.