unakkameen

 വില്പന ക്രമീകരണം അശാസ്ത്രീയമെന്ന്

കൊല്ലം: വാങ്ങാൻ ആളില്ലാതെ വന്നതോടെ 15 ഓളം വള്ളങ്ങളിലെ ടൺ കണക്കിന് മത്സ്യം തുച്ഛമായ വിലയ്ക്ക് നീണ്ടകരയിലെ ഉണക്കമീൻ തുരുത്തിൽ തള്ളി. വള്ളങ്ങളിലെത്തിക്കുന്ന മത്സ്യം വിപണനം നടത്തുന്നതിലെ അശാസ്ത്രീയ ക്രമീകരണങ്ങളാണ് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്.

രാവിലെയെത്തിയ ഒരു വള്ളം മീനിന് നാലുലക്ഷം രൂപവരെ ലഭിച്ചപ്പോഴാണ് ഉച്ചയ്ക്ക് എത്തിയ വള്ളങ്ങളിലെ മത്സ്യം വാങ്ങാനാളില്ലാതെ വളം നിർമ്മാണത്തിന് മത്സ്യം സംഭരിക്കുന്ന ഉണക്കമീൻ തുരുത്തിൽ തള്ളിയത്. ഒരു വള്ളം മീനിന് പതിനായിരം രൂപയിൽ താഴെയാണ് തൊഴിലാളികൾക്ക് ലഭിച്ചത്. പന്ത്രണ്ട് പേരടങ്ങുന്ന സംഘം ഒരുദിവസം മത്സ്യബന്ധനത്തിന് പോകുമ്പോൾ മണ്ണെണ്ണ, ശമ്പളം, ഭക്ഷണം, ബാറ്റ അടക്കം 20,000 ഓളം രൂപ കുറഞ്ഞത് ചെലവാകും.

ഇന്നലെ ആറുപതോളം വള്ളങ്ങളും 25 ബോട്ടുകളും കടലിൽ പോയി. കരിച്ചാളയാണ് പ്രധാനമായും ലഭിച്ചത്. ചൂട, കാരൽ, കീരി മത്തി തുടങ്ങിയ ഇനങ്ങളും വലകളിൽ കുടുങ്ങി.

വലിയ വാഹനങ്ങളെത്തുന്നില്ല

രാവിലെ ഏഴോടെ മത്സ്യം വാങ്ങാൻ എത്തുന്നവരെ ഹാർബറിലേക്ക് പ്രവേശിപ്പിച്ച് കഴിഞ്ഞാൽ പിന്നീട് 11ഓടെയാണ് കയറ്റുന്നത്. ഐസ് വാഹനങ്ങൾ കയറ്റിവിടാത്തതിനാൽ വലിയ ലോറിക്കാർ ഇപ്പോൾ ശക്തികുളങ്ങര, നീണ്ടകര തുറമുഖങ്ങളിൽ മത്സ്യം വാങ്ങാൻ എത്തുന്നില്ല. സ്കൂട്ടറുകാരും പെട്ടി ആട്ടോക്കാരുമാണ് ഇവിടെ നിന്ന് മത്സ്യം വാങ്ങുന്നത്. മത്സ്യഫെഡ് ചെറിയ അളവിലേ മത്സ്യം സംഭരിക്കുന്നുള്ളു.

''

കൂടുതൽ വലിപ്പമുള്ള വള്ളങ്ങളും ബോട്ടുകളും കടലിൽ പോകാൻ അനുമതി നൽകിയപ്പോൾ മത്സ്യഫെഡ് മത്സ്യം സംഭരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ചെറിയ അളവിലേ മത്സ്യഫെഡ് മത്സ്യം സംഭരിക്കുന്നുള്ളു. കൂടുതൽ കച്ചവടക്കാർക്ക് ഹാർബറിൽ എത്താൻ അനുമതി നൽകുന്നതിനൊപ്പം വില്പനയ്ക്കുള്ള ക്രമീകരണങ്ങൾ ശാസ്ത്രീയമാക്കണം.

സുഭാഷ് കലവറ

ഇന്ത്യൻ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്

''

സാമൂഹിക അകലം പാലിച്ചേ ഹാർബറുകളുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാകൂ. കൂടുതൽ കച്ചവടക്കാരെ ഒരേ സമയം കടത്തിവിടാനാകില്ല. ഇന്നലെ കൂടുതലായും എത്തിയത് ചെറിയ കരിച്ചാളയും ചൂടയുമാണ്. ഒരേ ഇനം മത്സ്യം കൂടുതൽ എത്തുന്നത് വാങ്ങാനാളില്ലാത്ത അവസ്ഥ സൃഷ്ടിക്കും.

നൗഷർ, ഖാൻ അസി. ഡയറക്ടർ,

ഫിഷറീസ് വകുപ്പ്, നീണ്ടകര

കൂടുതൽ വള്ളങ്ങളും ബോട്ടുകളും വിടാൻ ആലോചന


കൂടുതൽ വലിപ്പമുള്ള വള്ളങ്ങൾക്കും വള്ളങ്ങൾക്കും കടലിൽ പോകാൻ അനുമതി നൽകുന്നത് സംബന്ധിച്ച് ആലോചന തുടങ്ങി. ഇപ്പോൾ നടക്കുന്നത് പോലെ ലേലം ഒഴിവാക്കി കിലോ നിരക്കിലാകും കച്ചവടം. അതുകൊണ്ടുതന്നെ പെട്ടെന്ന് വിറ്റുപോകാൻ സാദ്ധ്യതയില്ലാത്തതിനാൽ വരുന്ന മത്സ്യം സംഭരിച്ച് സൂക്ഷിക്കാൻ ഫിഷ് പ്രോസസേഴ്സുമായി ചർച്ച നടക്കുകയാണ്. അവർ അനുകൂല നിലപാട് സ്വീകരിച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ വള്ളങ്ങൾക്കും ബോട്ടുകൾക്കും കടലിലേക്ക് പോകാനാകും.