കരുനാഗപ്പള്ളി: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം കരുനാഗപ്പള്ളിയിൽ ചാരായ കേസുകളുടെ എണ്ണം പെരുകുന്നു. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മുപ്പത് ദിവസത്തിനുള്ളിൽ 41 ചാരായ കേസുകളാണ് കരുനാഗപ്പള്ളി എക്സൈസ് റെഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തത്. ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന 2500 ലിറ്റർ കോട കണ്ടെടുത്ത് നശിപ്പിക്കുകയും 100 ലിറ്ററോളം ചാരായം പിടിച്ചെടുക്കുകയും ചെയ്തു. കേസുകളുമായി ബന്ധപ്പെട്ട് 27 പേർ അറസ്റ്റിലാവുകയും 4 പേർ റിമാൻഡിലാവുകയും ചെയ്തു. വീടുകൾ കേന്ദ്രീകരിച്ചാണ് വാറ്റ് കൂടുതലായി നടക്കുന്നത്. ലോക്ക് ഡൗണിന് മുമ്പ് വരെ മാസത്തിൽ 10ൽ താഴെ ചാരായ കേസുകളാണ് കരുനാഗപ്പള്ളി താലൂക്കിന്റെ പരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്തിരുന്നത്. വീര്യം കൂടിയ വാറ്റ് ചാരായത്തിന് 500 മില്ലിക്ക് 2000 രൂപ വരെ ഈടാക്കുന്നുണ്ട്.
...കരുനാഗപ്പള്ളി എക്സൈസ് റെഞ്ച് ഓഫീസിൽ 30 ദിവസത്തിനുള്ളിൽ 41 ചാരായ കേസുകളാണ് രജിസ്റ്റർ ചെയ്തത്
...2500 ലിറ്റർ കോട കണ്ടെടുത്ത് നശിപ്പിക്കുകയും 100 ലിറ്ററോളം ചാരായം പിടിച്ചെടുക്കുകയും ചെയ്തു.
...27 പേർ അറസ്റ്റിൽ, 4 പേർ റിമാൻഡിൽ
........എക്സൈസിന്റെ നിരീക്ഷണം........
താലൂക്കിന്റെ പരിധിയിൽ വരുന്ന പാവുമ്പ, നീലേശ്വരം തോപ്പ്, തേവലക്കര,തൊടിയൂർ ആര്യൻപാടം, ആയിരംതെങ്ങ്, ആലുംപീടിക, അഴീക്കൽ, തെക്കുംഭാഗത്തുള്ള തുരുത്തുകൾ, പുതിയകാവ്, കുഴിത്തുറ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി വാറ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥലങ്ങളിൽ എക്സൈസിന്റെ നിരീക്ഷണം ശക്തമാണ്.
...........കഞ്ചാവ് കേസുകൾ കുറയുന്നു........
വാഹനഗതാഗതം പൂർണമായും നിരോധിച്ചതിനാൽ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കഞ്ചാവിന്റെ വരവ് നിലച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ലോക്ക് ഡൗൺ കാലയളവിൽ കഞ്ചാവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വളരെ കുറവാണ്. നാട്ടുകാരുടെ പൂർണ സഹകരണം ഉണ്ടെങ്കിൽ മാത്രമേ വീടുകളിൽ നടത്തുന്ന വാറ്റ് കണ്ടെത്താൻ കഴിയൂ.