pho
ലോക്ക്ഡൗണിനെ തുടർന്ന് വിജനമായ പുനലൂർടൗൺ

പുനലൂർ: ലോക്ക് ‌‌ഡൗണിലും വാഹനങ്ങളും തിരക്ക് ഏറെയുണ്ടായിരുന്ന പുനലൂർ ടൗണും പരിസര പ്രദേശങ്ങളും കഴിഞ്ഞദിവസം വിജനമായി.

സമീപത്തെ തെന്മല,ആര്യങ്കാവ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെയാണ് പുനലൂർ പട്ടണത്തിൽ തിരക്കൊഴിഞ്ഞത്.

ടൗണിൽ ആവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എല്ലാം തുറന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും രണ്ട് ദിവസമായി ജനങ്ങൾ നിരത്തിലിറങ്ങുന്നില്ല.

ഇതിനിടെ പുനലൂർ നഗരസഭയിൽ ദമ്പതികൾക്ക് കോവിഡ് സ്ഥിരീകരിച്ച കാരയ്ക്കാട് വാർഡിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പൊലീസ് മൈക്ക് അനൗൺസ്മെന്റിലൂടെ അറിയിച്ചിരുന്നു. ഇതും പ്രധാന കവലകളെല്ലാം വിജനമായിതിന് കാരണമാണ്. സമീപത്തെ കുളത്തൂപ്പുഴയിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് പൊലീസ് ഔട്ട്പോസ്റ്റിൽ ചരക്ക് വാഹനങ്ങളുടെ പരിശോധനയും കർശനമായി തുടരുകയാണ്. കൂടാതെ തമിഴ്നാട്ടിൽ നിന്ന് ആര്യങ്കാവ് വഴി കേരളത്തിലേക്ക് ചരക്ക് ലോറികളിൽ രഹസ്യമായി ആളുകളെ കടത്തുന്നത് കണ്ടെത്തിയതിനാൽ ചരക്ക് സാധനങ്ങൾ ഇറക്കിയുളള പരിശോധനയും കർശനമാക്കി