corona

കൊല്ലം: കുളത്തൂപ്പുഴ സ്വദേശിയായ വൃദ്ധയ്ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഏഴായി. ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ച തമിഴ്നാട്ടിലെ പുളിയംകുടിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയ സമീപവാസിയായ യുവാവിൽ നിന്നാണ് വൃദ്ധയ്ക്ക് രോഗം പടർന്നത്.

ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം പടർന്ന മൂന്നാമത്തെയാളാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച വൃദ്ധ. നേരത്തെ പ്രാക്കുളം സ്വദേശിയായ പ്രവാസിയിൽ നിന്ന് ഭാര്യാ സഹോദരിക്കും തബ്‌ ലീംഗ് സമ്മേളനത്തിൽ പങ്കെടുത്ത അച്ഛനിൽ നിന്ന് മകനും രോഗം പകർന്നിരുന്നു.

പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ചുപേരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർച്ചയായ മൂന്ന് പരിശോധനാ ഫലം നെഗറ്റീവായാലേ വീട്ടിലേക്ക് മടക്കി അയയ്ക്കുകയുള്ളു. എന്നാൽ ഇവരിൽ ചിലരുടെ ഒന്നിടവിട്ട പരിശോധനാ ഫലം പോസിറ്റീവാകുന്നുണ്ട്.