mer
മേൽക്കൂര തകർന്ന ഇടമുളയ്ക്കൽ കൊമ്പേറ്റിമല മേരിക്കുട്ടിയുടെ വീട്

അഞ്ചൽ: ശക്തമായ മഴയിലും കാറ്റിലും ഇടമുളയ്ക്കൽ പഞ്ചായത്തിലെ മൂന്ന് വീടുകൾക്ക് നാശം. ഇടയം മൈനിക്കോട് ബിന്ദുഭവനിൽ ഉണ്ണിക്കൃഷ്ണൻ, കൊമ്പേറ്റിമല ഷിബിൻ ഭവനിൽ മേരിക്കുട്ടി, മഹേഷ് ഭവനിൽ മഹേഷ് എന്നിവരുടെ വീടുകളാണ് തകർന്നത്. ഇന്നലെ പകൽ മൂന്ന് മണിയോടെയാണ് സംഭവം.ഉ ണ്ണിക്കൃഷ്ണന്റെ വീടിന് മുകളിലേക്ക് സമീപത്തെ പുരയിടത്തിൽ നിന്ന് പ്ലാവ് പിഴുത് വീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ വൈദ്യുതി കമ്പിയും പൊട്ടിവീണു. വീടിന്റെ മേൽക്കൂര തകരുകയും വീട്ടുപകരണങ്ങൾ നശിക്കുകയും ചെയ്തു. സംഭവസമയത്ത് ഉണ്ണിക്കൃഷ്ണന്റെ ഭാര്യ ബിന്ദുവും കുഞ്ഞും അടുക്കള ഭാഗത്തായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് വാളകത്ത് നിന്ന് വൈദ്യുതി വകുപ്പ് അധികൃതരെത്തി പൊട്ടി വീണ വൈദ്യുതി കമ്പികൾ അഴിച്ചുമാറ്റി. മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ മേരിക്കുട്ടിയുടെ വീടിന്റെ ആസ്ബറ്റോസ് മേഞ്ഞ മേൽക്കൂര പൂർണ്ണമായും ഇളകി മാറി മഹേഷിന്റെ വീടിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരുടേയും വീടുകളിൽ നിന്നും എല്ലാവരും ഓടി മാറിയതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇരുവീടുകളിലേയും വീട്ടുപകരണങ്ങൾ നശിച്ചു.