മുളവന സ്വദേശിയെ നാട്ടിലെത്തിക്കാൻ എം.പിക്കും മന്ത്രിക്കും കത്ത്
കുണ്ടറ: കുവൈറ്റിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഓർമ്മക്കുറവ് സംഭവിച്ച മുളവന സ്വദേശിയെ തിരികെയെത്തിക്കാൻ കഴിയാതെ ബന്ധുക്കൾ. മുളവന പ്രശാന്തി കശുഅണ്ടി ഫാക്ടറിക്ക് സമീപം കിഴക്കേവീട്ടിൽ തോമസ് മാത്യു (55) വാണ് കുവൈറ്റിലെ അൽ അദാൻ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ആറ് മാസം മുമ്പാണ് തോമസ് മാത്യു കുവൈറ്റിലേക്ക് ജോലിക്കായി പോയത്. രക്തസമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്യുമ്പോഴാണ് ഓർമ്മക്കുറവ് ബാധിച്ചതായി അധികൃതർക്ക് ബോധ്യമായത്. ഇതുമൂലം ഡിസ്ചാർജ്ജ് ചെയ്യാൻ കഴിയാതെ ആശുപത്രി അധികൃതർ പ്രതിസന്ധിയിലായി.
ആശുപത്രി അധികൃതരുടെ അഭ്യർത്ഥനയെത്തുടർന്ന് കുവൈറ്റിലെ കൊല്ലം ജില്ലാ പ്രവാസി സമൂഹം തോമസ് മാത്യുവിന്റെ ഐ.ഡി കാർഡ് ഉൾപ്പെടെ ഫേസ്ബുക്കിൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലെ കുവൈത്ത് സിവിൽ ഐ.ഡി കാർഡിലൂടെ നാട്ടിലെ ബന്ധുക്കൾ ആളെ തിരിച്ചറിയുകയായിരുന്നു.
തോമസ് മാത്യുവിനെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് വാർഡ് അംഗം മുളവന രാജേന്ദ്രൻ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കും മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയ്ക്ക് കത്തയച്ചു.