കൊല്ലം: കുളത്തൂപ്പുഴയിൽ രണ്ടുപോർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയുടെ കിഴക്കൻ മേഖലയിൽ അതീവ ജാഗ്രതയ്ക്ക് മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിഅമ്മയും കെ. രാജുവും നിർദ്ദേശം നൽകി
കോവിഡ്- വ്യാപനം തടയാൻ പഴുതടച്ച നിയന്ത്രണം സ്വീകരിക്കണമെന്ന് കളക്ടറേറ്റിൽ നടന്ന അവലോകനത്തിൽ ഇരുവരും പറഞ്ഞു. അതിർത്തി കടന്ന് ചരക്ക് വാഹനങ്ങളിലും മറ്റും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർ വരുന്നത് തടയണം. വനപാതകൾ പൂർണമായും അടച്ച് നിരീക്ഷണം ശക്തിപ്പെടുത്തണം. അത്യാവശ്യ ഘട്ടത്തിലല്ലാതെ വീടുകളിൽ നിന്ന് ആളുകൾ പുറത്തിറങ്ങരുത്. രോഗികളുമായി സമ്പർക്കം പുലർത്തിയവരെയും സഞ്ചാരപഥത്തിൽ വന്നവരെയും കൃത്യമായി കണ്ടെത്തി കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പ്രതിരോധ നടപടി സ്വീകരിക്കണം. നിരോധനാജ്ഞ നിലവിലുള്ള കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് ഗ്രാമപഞ്ചായത്തുകളിൽ യാതൊരുവിധ ഇളവുകളും ഉണ്ടാകില്ല. ജില്ലയിലെ ഹോട്ട് സ്പോട്ടുകളിലും ലോക്ക് ഡൗൺ ഇളവുകൾ അനുവദിക്കാതെ കർശന നിയന്ത്രണം പുലർത്തണമെന്ന് മന്ത്രിമാർ പറഞ്ഞു. ജില്ലയിലെ കോവിഡ് നിയ്രന്ത്രണ നടപടികൾ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ വിശദീകരിച്ചു.
മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, എം.പി മാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, എം. മുകേഷ് എം.എൽ.എ, സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, എ.ഡി.എം പി.ആർ.ഗോപാലകൃഷ്ണൻ എന്നിവർ അവലോകന യോഗത്തിന് കളക്ടറേറ്റിൽ എത്തിയിരുന്നു. മന്ത്രി കെ. രാജു, എ.എം. ആരിഫ് എം.പി, എം.എൽ.എ മാരായ മുല്ലക്കര രത്നാകരൻ, കെ.ബി. ഗണേഷ്കുമാർ, കോവൂർ കുഞ്ഞുമോൻ, പി. ഐഷാ പോറ്റി, എം. നൗഷാദ്, ആർ. രാമചന്ദ്രൻ, മേയർ ഹണി ബഞ്ചമിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി തുടങ്ങിയവർ വീഡിയോ കോൺഫറൻസിംഗിലൂടെയും പങ്കെടുത്തു.