manikantan

കമ്മട്ടിപ്പാടത്തിലെ ബാലനിലൂടെ പ്രേക്ഷക ഹൃദയത്തിലേറിയ നടനാണ് മണികണ്ഠൻ ആചാരി. നാല് വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറസാന്നിധ്യമായ താരം ഇപ്പോൾ വിവാഹത്തിരക്കുകളിലാണ്. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജലി ആണ് വധു. ബികോം ബിരുദധാരിയാണ് അഞ്ജലി.. അഞ്ജലിയെ ചെറുപ്പം മുതൽ കണ്ടിട്ടുണ്ടെന്നും തനിക്ക് നേരത്തെ അറിയാവുന്ന കുടുംബമാണ് അവരുടേതെന്നും മണികണ്ഠൻ പറഞ്ഞു. വളരെ രസകരമായ ഒരു പ്രപ്പോസൽ കഥയും താരം പങ്കുവച്ചു. ഒന്നര വർഷം മുൻപ് ഒരു ഉത്സവത്തിൽ വച്ച് കണ്ടപ്പോഴാണ് അഞ്ജലിയോട് സംസാരിച്ച് തുടങ്ങിയതെന്നും ഇഷ്ടം തോന്നിയപ്പോൾ തമാശരൂപേണ അവതരിപ്പിക്കുകയായിരുന്നെന്നും താരം പറഞ്ഞു.

'പൊക്കമൊക്കെ കറക്ടാണല്ലോ... എന്നാൽ പിന്നെ ആലോചിച്ചാലോ' എന്നായിരുന്നു മണികണ്ഠന്റെ ചോദ്യം. 'ആലോചിച്ചോളൂ' എന്ന് മറുപടിയും കിട്ടി. തുടക്കത്തിൽ വീട്ടുകാരുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നെന്നും താരം പറഞ്ഞു. പ്രായവ്യത്യാസം ആയിരുന്നു എതിർപ്പിന് കാരണം. 'എന്നേക്കാൾ ഒൻപതു വയസിന് താഴെയാണ് അഞ്ജലി. കൂടാതെ, ഞാൻ സിനിമാക്കാരനും! , പിന്നെ ചെറിയൊരു ചടങ്ങു നടത്തി വിവാഹം ഉറപ്പിച്ചു', മണികണ്ഠൻ പറഞ്ഞു.

ഏപ്രിൽ 26ന് തൃപ്പൂണിത്തുറയിലെ ക്ഷേത്രത്തിൽ ലളിതമായ ചടങ്ങുകളോടെ ഇരുവരുടെയും വിവാഹം നടക്കും.