priyanka

കൊവിഡ് 19നെതിരെയുള്ള പോരാട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് സഹായവുമായി നടി പ്രിയങ്ക ചോപ്ര. ഇന്ത്യയിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കായി ചെരിപ്പുകൾ സംഭാവന ചെയ്യാൻ ഒരുങ്ങുകയാണ് പ്രിയങ്ക. 10,000 ജോഡി ചെരിപ്പുകളാണ് താരം സംഭാവന ചെയ്യുന്നത്.

പ്രശസ്ത ചെരിപ്പ് നിർമ്മാതാക്കളായ ക്രോക്ക്‌സുമായി സഹകരിച്ചാണ് കേരളം, മഹാരാഷ്ട്ര, ഹരിയാന, കർണാടക എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലേക്ക് താരം ചെരിപ്പുകൾ എത്തിക്കുന്നത്.

നമ്മുടെ സുരക്ഷ ഉറപ്പാക്കാൻ മുൻനിരയിൽ നിന്ന് പോരാടുന്ന രാജ്യത്തെ ആരോഗ്യപ്രവർത്തകരാണ് യഥാർത്ഥ സൂപ്പർഹീറോകളെന്ന് പറഞ്ഞ താരം അവർ പ്രകടിപ്പിക്കുന്ന ആത്മധൈര്യവും ത്യാഗവും എണ്ണിയാലൊടുങ്ങാത്തതാണെന്നും അഭിപ്രായപ്പെട്ടു.അവരുടെ സ്ഥാനത്ത് നമ്മൾ ആയിരുന്നെങ്കിൽ എന്ന് ചിന്തിക്കാൻ പോലും കഴിയില്ലെന്നും താരം പറഞ്ഞു.

അവരുടെ ജോലിയുടെ സ്വഭാവം അനുസരിച്ച് വളരെ എളുപ്പത്തിൽ കഴുകി വൃത്തിയാക്കാൻ സാധിക്കുന്ന ചെരിപ്പുകൾ അനിവാര്യമാണെന്നും അത് പ്രധാനം ചെയ്യാൻ വളരെയധികം സന്തോഷമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യക്ക് പുറമേ അമേരിക്കയിലെ ആരോഗ്യരംഗത്തും പ്രിയങ്ക പ്രവർത്തിക്കുന്നുണ്ട്. പിഎം കെയേഴ്സ് ഫണ്ടിലേക്ക് പ്രിയങ്കയും ഭർത്താവ് നിക്കും സംഭാവന നൽകിയിരുന്നു..ചില ചാരിറ്റി സംഘടനകൾക്കും ഇവരുടെ സഹായമെത്തുന്നുണ്ട്.