pic-

കൊല്ലം: കൊവിഡിന്റെ താണ്ഡവത്തിൽ കൂടുതൽ ഭീതിയിലേക്ക് നീങ്ങുകയാണ് കൊല്ലത്തുകാർ. കുളത്തൂപ്പുഴ സ്വദേശിയായ വൃദ്ധയ്ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഏഴായി. പുതുതായി 96 പേരെ ഗൃഹനിരീക്ഷണത്തിലാക്കുകയും ചെയ്തു. ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ച തമിഴ്നാട്ടിലെ പുളിയംകുടിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയ സമീപവാസിയായ യുവാവിൽ നിന്നാണ് കുളത്തൂപ്പുഴ സ്വദേശിനിയായ വൃദ്ധയ്ക്ക് രോഗം പടർന്നത്. ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം പടർന്ന മൂന്നാമത്തെയാളാണ് ഇവർ.

നേരത്തെ പ്രാക്കുളം സ്വദേശിയായ പ്രവാസിയിൽ നിന്ന് ഭാര്യാ സഹോദരിക്കും തബ്‌ ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത അച്ഛനിൽ നിന്ന് മകനും രോഗം പകർന്നിരുന്നു. അതേ സമയം നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1510 ആയി കുറഞ്ഞതാണ് തെല്ലാശ്വാസം. 96 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയപ്പോഴും 126 പേർ ഗൃഹനിരീക്ഷണം പൂർത്തിയാക്കിയതാണ് ആശ്വാസത്തിനിട നൽകിയത്. ആകെ 1,485 പേരാണ് ജില്ലയിൽ ഗൃഹനിരീക്ഷണത്തിലുള്ളത്. ആശുപത്രിയിൽ പുതുതായി വന്ന ഏഴുപേർ ഉൾപ്പെടെ 25 പേർ നിരീക്ഷണത്തിലുണ്ട്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ചുപേരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.