കൊല്ലം: അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാരികളെ അനാവശ്യമായി പീഡിപ്പിക്കുന്നതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന, ജില്ലാ ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കൊട്ടാരക്കര, കരുനാഗപ്പള്ളി, കൊല്ലം തുടങ്ങി പ്രധാന ടൗണുകളിൽ ആവശ്യസാധനങ്ങൾ വാങ്ങാൻ പോകുന്നവരെയും മെഡിക്കൽ സ്റ്റോർ നടത്തുന്ന വ്യാപാരികളെയും വ്യാപാര ലൈസൻസ് ഉൾപ്പെടെ കാണിച്ച് ബോദ്ധ്യപ്പെടുത്തിയിട്ടും പീഡിപ്പിക്കുന്ന നടപടിയാണ് പൊലീസും യൂണിഫോം ഇടാത്ത ചില സഹായികളും ചേർന്ന് നടത്തുന്നത്.
കേരള പൊലീസിന്റ സൽപ്പേര് കളയുന്ന ഇത്തരം പൊലീസുകാർ നീതി പാലിക്കണമെന്നും അല്ലാത്ത പക്ഷം അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരുമെന്നും ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം. നസീർ, സംസ്ഥാന സെക്രട്ടറി നിജാംബഷി, ജില്ലാ ജനറൽ സെക്രട്ടറി ആർ. വിജയൻപിള്ള, ജില്ലാ വർക്കിംഗ് പ്രസിഡന്റ് എ.എ. കലാം, എം. ഷാഹുദ്ദീൻ, സി.എസ്. മോഹൻദാസ്, ഷിഹാൻബഷി, സുബ്രു.എൻ. സഹദേവ്, ഡി. മുരളീധരൻ, ജി. കൃഷ്ണൻ കുട്ടി നായർ, ഇ. നുജും, സലാം, എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.