കൊല്ലം: തമിഴ്നാട്ടിലെ പുളിയൻകുടിയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം കൂടുന്നതിനിടെ ആവണീശ്വരം റെയിൽവേ സ്റ്റേഷന് സമീപമെത്തിയ തമിഴ്നാട് സ്വദേശിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി. കാലിത്തീറ്റയുമായി കോയമ്പത്തൂരിൽ നിന്നെത്തിയ ലോറിയിലാണ് വേലൂർ സ്വദേശി എത്തിയത്. ഇയാൾ ലോറിയിൽ നിന്നിറങ്ങുന്നത് കണ്ട നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു. ജോലിതേടി എത്തിയതെന്നാണ് ഇയാൾ പറഞ്ഞത്. സ്ഥലത്തെത്തിയ പൊലീസിലും ആരോഗ്യ വകുപ്പ് അധികൃതരും ചേർന്നാണ് ഇയാളെ അഞ്ചലിലെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയത്.
വിളക്കുടി പഞ്ചായത്തിലെ ഐസൊലേഷൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടുതലായ സാഹചര്യത്തിലാണ് ആംബുലൻസിൽ അഞ്ചലിലേക്ക് മാറ്റിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയെടുക്കാൻ വാഹനത്തിൽ പോയ മുതുപിലാക്കാട്, ചക്കുവള്ളി സ്വദേശികളായ രണ്ട് വ്യാപാരികളെ കുന്നത്തൂർ താലൂക്കിൽ വീടുകളിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.