കൊല്ലം: കാലിൽ കുരുങ്ങിയ പട്ടച്ചരട് ഓലയിൽ കുടുങ്ങി അകപ്പെട്ട പരുന്തിന് രക്ഷകരായി ഫയർഫോഴ്സ്. പള്ളിത്തോട്ടം കുരിശടിക്ക് സമീപമുള്ള തെങ്ങിലെ ഓലയിൽ കുടുങ്ങിയ പരുന്തിനെയാണ് ഫയർഫോഴ്സ് സംഘം രക്ഷപെടുത്തിയത്. പള്ളിത്തോട്ടം പൊലീസ് വിവരം അറിയിച്ചതിനെ തുടർന്നാണ് ചാമക്കടയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയത്. പരുന്ത് ഓലയിൽ കുരുങ്ങി തലകീഴായി കിടന്ന് ചിറകിട്ട് അടിക്കുകയായിരുന്നു. തീരത്തുള്ളവർ പറത്തിയ പട്ടത്തിന്റെ പ്ലാസ്റ്റിക് ചരടാണ് പരുന്തിന്റെ കാലിൽ കുരുങ്ങിയത്. ഫയർ റെസ്ക്യു ഓഫീസർമാരായ ശ്രീരാജ്, അരുൺ കുമാർ എന്നിവർ ഏണി ഉപയോഗിച്ച് കയറിയാണ് പരുന്തിനെ രക്ഷപെടുത്തിയത്. ചാമക്കട ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ വിക്ടർ വി. ദേവ്, ഫയർമാൻമാൻ ഗോപി, ഡ്രൈവർ ബിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.