c
ജലഅതോറിറ്റി

 ശാസ്താംകോട്ട തടാക ജലത്തിനൊപ്പം കനാൽവെള്ളവും

കൊല്ലം: ജില്ലയിലെ ഒരുലക്ഷത്തിലേറെ കുടുംബങ്ങൾ കഴിഞ്ഞ ഒരുമാസമായി കുടിക്കുന്നത് കല്ലട പദ്ധതി കനാലിലെ മലിനജലം. കൊല്ലം നഗരം, ചവറ- പന്മന കുടിവെള്ള പദ്ധതി, പത്ത് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യാൻ ശാസ്‌താംകോട്ട തടാകത്തിലെ ജലം മതിയാകില്ലെന്ന് വിലയിരുത്തിയാണ് കല്ലട കനാലിൽ നിന്ന് ജല അതോറിറ്റി പമ്പിംഗ് തുടങ്ങിയത്.

ശാസ്‌താംകോട്ട പള്ളിശേരിക്കലിലെ കനാലിൽ വാട്ടർ ബെഡും മോട്ടോറും സ്ഥാപിച്ച് ജലം ഫിൽറ്റർ ഹൗസിലെത്തിച്ചാണ് വിതരണം. തെന്മലയിൽ നിന്ന് കിലോമീറ്ററുകൾ ഒഴുകിയെത്തുന്ന കനാലിൽ അറവ് മാലിന്യങ്ങൾ മുതൽ മനുഷ്യ വിസർജം വരെ പലപ്പോഴുമുണ്ടാകും. പള്ളിശേരിക്കലിലെ താത്കാലിക തടയണയ്ക്ക് സമീപം ചത്ത പന്നി ഒഴുകിയെത്തിയതോടെയാണ് പദ്ധതിക്കെതിരെ കഴിഞ്ഞ വർഷം ജനങ്ങൾ സംഘടിച്ചത്.

പ്രതിഷേധങ്ങളുടെയും കോടതി ഇടപെടലിന്റെയും ഒടുവിൽ കനാൽ ജലം പമ്പ് ചെയ്യില്ലെന്ന് ഹൈക്കോടതിയിൽ ജല അതോറിറ്റി സത്യവാങ്മൂലം നൽകി. പക്ഷേ ഇത്തവണ വീണ്ടും മലിന ജല വിതരണത്തിന് അതോറിറ്റി മടിച്ചില്ല. എട്ട് ദശലക്ഷം ലിറ്റർ വെള്ളമാണ് പ്രതിദിനം കനാലിൽ നിന്നെടുക്കുന്നത്. തടാകത്തിൽ നിന്ന് 34 ദശലക്ഷം ലിറ്റർ വെള്ളവും എടുക്കുന്നുണ്ട്.

ഒരുദിവസത്തെ പമ്പിംഗ്

കനാൽ വെള്ളം:

8 ദശലക്ഷം ലിറ്റർ

 പമ്പ് ചെയ്യാൻ തുടങ്ങിയിട്ട്

01 മാസം

ശാസ്താംകോട്ട തടാകം:

34 ദശലക്ഷം ലിറ്റർ

...............

തടാകത്തിലെ ഇന്നലത്തെ ജലനിരപ്പ്:

സമുദ്രനിരപ്പിനേക്കാൾ

28 സെന്റിമീറ്റർ

കഴിഞ്ഞ വർഷം ഇതേ ദിവസം:

33 സെന്റിമീറ്റർ

ആരോഗ്യഭീഷണി മുന്നറിയിപ്പ് അവഗണിച്ചു

മലിനീകരണ നിയന്ത്രണ ബോർഡ് നിയോഗിച്ച ഉദ്യോഗസ്ഥ സംഘം ശാസ്താംകോട്ടയിലെത്തി ശുദ്ധജല പദ്ധതികളിലേക്ക് കനാൽജലം പമ്പ് ചെയ്യരുതെന്ന് മുമ്പ് നിർദേശിച്ചിരുന്നു. വിഷയങ്ങൾ ഉയർന്ന് തുടങ്ങിയ ഘട്ടത്തിൽ ആരോഗ്യവകുപ്പും സ്ഥല പരിശോധിച്ചിരുന്നു. പിന്നീട് നാടിന്റെ ശ്രദ്ധയാകെ കൊവിഡിലേക്ക് തിരിഞ്ഞതോടെ മലിനജല വിതരണം ജല അതോറിറ്റിക്ക് എളുപ്പമായി.

തടാകത്തിലെ ജലനിരപ്പ് താഴുന്നുവെന്ന്

സമുദ്ര നിരപ്പിനേക്കാൾ 50 സെന്റിമീറ്ററെങ്കിലും ജലനിരപ്പ് ഉയർന്നെങ്കിൽ മാത്രമേ തടാകത്തെ മാത്രം ആശ്രയിച്ച് ജലവിതരണം നടത്താനാകൂ എന്നാണ് ജലഅതോറിറ്റിയുടെ നിലപാട്. ഇന്നലത്തെ ജലനിരപ്പ് സമുദ്രനിരപ്പിനേക്കാൾ 28 സെന്റിമീറ്റർ മാത്രമാണ്. അത്തരം സാഹചര്യത്തിൽ മഴ ലഭിച്ച് ജലനിരപ്പ് ഉയരും വരെ കനാൽ ജലത്തെ ആശ്രയിക്കേണ്ടി വരുമെന്നും അതോറിറ്റി അധികൃതർ പറയുന്നു.

ബദൽ കുടിവെള്ള പദ്ധതി അട്ടിമറിച്ചു

നഷ്ടം: 6.93 കോടി

കൊല്ലം നഗരത്തിനായി ബദൽ കുടിവെള്ള പദ്ധതിയൊരുക്കാൻ കല്ലടയാറ്റിലെ കടപുഴഭാഗത്ത് തടയണ നിർമ്മിക്കാൻ 19 കോടിയും ഇവിടെ നിന്ന് വെള്ളം ശാസ്താംകോട്ടയിലെത്തിക്കാൻ പൈപ്പുകൾ സ്ഥാപിക്കാൻ 14.5 കോടിയും കഴിഞ്ഞ സർക്കാർ അനുവദിച്ചിരുന്നു. ശാസ്‌താംകോട്ട ഭാഗത്ത് കോടികൾ ചെലവിട്ട് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും നിലവിലെ സർക്കാരിന്റെ കാലത്ത് പദ്ധതി അവസാനിപ്പിച്ചു.

കടപുഴയിലെ ബദൽ കുടിവെള്ള പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചതിലൂടെ നഷ്ടമായത് 6.93 കോടി രൂപ. ഇത് നടപ്പായിരുന്നെങ്കിൽ കനാൽ ജലം കുടിക്കേണ്ടി വരില്ലായിരുന്നു.

''

തടാകത്തിലെ ജലനിരപ്പ് താഴുന്നതിനാലാണ് കനാൽ ജലം പമ്പ് ചെയ്യേണ്ടിവരുന്നത്. മെച്ചപ്പെട്ട ശുദ്ധീകരണം നടത്തിയാണ് ജലവിതരണം നടത്തുന്നത്.

അസി.എൻജിനീയർ

ജല അതോറിറ്റി, ശാസ്താംകോട്ട