കൊല്ലം: ജൂണിൽ സ്കൂൾ തുറക്കുമ്പോൾ അദ്ധ്യാപകരും കുട്ടികളും മാസ്ക് ധരിച്ച് മാത്രമേ ക്ലാസിലിരിക്കാവൂ എന്ന സർക്കാർ തീരുമാനം നടപ്പാക്കാൻ ഒരുക്കുന്നത് 50 ലക്ഷം മാസ്കുകൾ. സമഗ്രശിക്ഷാ കേരളയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 45 ലക്ഷത്തിലധികം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നത്. ഇത് പരിഗണിച്ചാണ് 50 ലക്ഷം കഴുകി ഉപയോഗിക്കാവുന്ന മാസ്‌കുകൾ തയ്യാറാക്കുന്നത്. അദ്ധ്യാപക - രക്ഷാകർതൃ - പൂർവവിദ്യാർത്ഥി സഹകരണത്തോടെ സമഗ്രശിക്ഷാ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർമാരും ജില്ലാ പ്രോഗ്രാം ഓഫീസർമാരും മാസ്ക് നിർമാണത്തിന് മേൽനോട്ടം വഹിക്കും. ഒരു മാസ്കിന് പരമാവധി ചെലവാക്കാവുന്ന മൂന്നു രൂപ യൂണിഫോമിന് വിനിയോഗിക്കുന്ന തുകയിൽ നിന്ന് കണ്ടെത്തും. എസ്.എസ്.എൽ.സി ഉൾപ്പെടെ ഇനി നടക്കാനിരിക്കുന്ന പരീക്ഷകൾക്കെത്തുന്ന കുട്ടികളും മാസ്ക് ധരിക്കണം. അദ്ധ്യാപരുൾപ്പെടെ പരീക്ഷാ ജോലിയിലുള്ള മുഴുവൻ പേരും മാസ്ക് ധരിക്കണം. മാസ്ക് ധരിക്കാത്തവർക്ക് പരീക്ഷാ ഹാളിൽ പ്രവേശനം ഉണ്ടാവില്ല.