book
വി.എസ്. യശോധരപ്പണിക്കർ 'ശ്രീനാരായണ ധർമ്മം' എന്ന പുസ്തകം വീടുകളിൽ വിതരണം ചെയ്യുന്നു

ചവറ: ഗുരുദേവ ഭക്തനായ എസ്.എൻ ട്രസ്റ്റ് ബോർഡംഗം വി.എസ്. യശോധരപ്പണിക്കർ കൊവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ ദിനങ്ങളിലും തിരക്കിലാണ്. ഗുരുദേവന്റെ വചനങ്ങളും വ്യാഖ്യാനങ്ങളും അടങ്ങുന്ന 'ശ്രീനാരായണ ധർമ്മം' എന്ന പുസ്തകം തന്റെ സ്ഥലമായ അടൂർ പന്നിവിഴയിലെയും എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ പരിധിയിലെയും 150 ഓളം വീടുകളിൽ സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ തിരക്കിലാണ് വി.എസ്. യശോധരപ്പണിക്കർ. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള മുൻകരുതലുകൾ സ്വീകരിച്ചാണ് പുസ്തക വിതരണം നടത്തുന്നത്. സ്വാമി ശ്രീനാരായണ തീർത്ഥർ എഴുതി ശിവഗിരിമഠം പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. നിത്യജീവിതത്തിൽ പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനെ കുറിച്ചുള്ള ഗുരുദേവ ദർശനങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അടൂർ മാർക്കറ്റിൽ തന്റെ ഉടമസ്ഥതയിലുള്ള വടക്കേക്കര ട്രൈഡേഴ്സിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് ഗുരുദേവൻ, സ്വാമി വിവേകാനന്ദൻ, മഹാത്മാഗാന്ധി എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങൾ യശോധരപ്പണിക്കർ സൗജന്യമായി നൽകുന്നുണ്ട്. സ്കൂൾ ലൈബ്രറികളിലും പുസ്തകങ്ങൾ എത്തിച്ചു നൽകാറുണ്ട്.
പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് മുൻ മാനേജർ ആയിരുന്നു പണിക്കർ. ഭാര്യ കെ.കെ. ജഗദമ്മ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിൽ ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്ററാണ്. നാവികസേന ഡൽഹി യൂണിറ്റിൽ സർജൻ ലഫ്റ്റനന്റ് കമാൻഡർ വി.വൈ. വിജയകൃഷ്ണൻ, ആയൂർ നിസാറഹീം കോളേജ് ഒഫ് ആർക്കിടെക്ചർ അസിസ്റ്റന്റ് പ്രൊഫസർ വി.വൈ. യദുകൃഷ്ണൻ എന്നിവരാണ് മക്കൾ. ശാന്തി (എൻജിനിയർ, ഡൽഹി), അമൃത (അസിസ്റ്റന്റ് പ്രൊഫസർ, കൊല്ലം ടി.കെ.എം സ്കൂൾ ഒഫ് ആർക്കിടെക്ച്ചർ) എന്നിവർ മരുമക്കളാണ്.