വീട്ടുമുറ്റത്ത് ഒരുതരി മണ്ണ് പോലും തരിശിടാതെ കൃഷിയെ ജീവിതത്തിനൊപ്പം ചേർത്തുപിടിച്ച കാലമാണ് ലോക്ക് ഡൗൺ നാളുകളെന്ന് കുണ്ടറയിലെ സ്വകാര്യ ഹോമിയോ ക്ലിനിക്കിലെ ഡോക്ടറായ ജി.ശ്രീകുമാരി പറയുന്നു. ഉമയനല്ലൂർ നടുവിലക്കരയിലെ വീടായ ഗൗരീകൃഷ്‌ണ നിറയെ ഇപ്പോൾ പച്ചപ്പാണ്. മുറ്റത്തും പറമ്പിലും ടെറസിലുമായി ചീര, തക്കാളി, വെണ്ട, കോവൽ, വഴുതന, പാവൽ, അമര പയർ, നീളൻ പയർ, ചേന, ചേമ്പ് തുടങ്ങി മുന്തിരി വരെയുണ്ട്. ലോക്ക് ഡൗണായതിനാൽ കുണ്ടറയിലെ ഹോമിയോ ക്ലിനിക്കിൽ അധികനേരം ചെലവഴിക്കുന്നില്ല. അങ്ങനെ കിട്ടിയ സമയം കൂടി കൃഷിക്ക് ഉപയോഗിച്ചു. സവാളയും ഉരുളൻകിഴങ്ങും പുറത്ത് നിന്ന് വാങ്ങുന്നത് ഒഴിവാക്കാൻ അതിന്റെ കൃഷിയും തുടങ്ങി. മക്കളായ നിഖിലിനും മഹിക്കുമൊപ്പം കൂടുതൽ സമയം ചെലവിടാനായി. അതിനൊപ്പം കൃഷിയെ വിപുലീകരിച്ചതുമാണ് ലോക്ക് ഡൗൺ ഓർമ്മ.