'പണി'യെടുക്കാൻ പ്രത്യേക സംഘങ്ങൾ
കർശന പരിശോധനയുമായി പൊലീസ്
കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി ചരക്ക് ലോറികളിൽ തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും ആളെ കടത്താൻ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം പച്ചക്കറി ലോറിയിലെ തക്കാളിപ്പെട്ടികൾക്കിടയിൽ ഒളിപ്പിച്ച് യുവാവിനെ കടത്താൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
സമാന തരത്തിൽ കേരളത്തിൽ നിന്ന് തിരികെ പോയ ലോറിയിൽ ഇവിടെ നിന്ന് ആളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാനും ശ്രമമുണ്ടായി. ആര്യങ്കാവിനോട് ചേർന്ന തമിഴ് ഗ്രാമങ്ങളിൽ മിക്കതും കൊവിഡ് വ്യാപന ഭീതിയുടെ നിഴലിലാണ്. പുളിയങ്കുടിയിൽ മാത്രം മുപ്പതോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിർത്തി കടന്നുവരുന്ന വാഹനങ്ങളിൽ സംശയം തോന്നിയാൽ മുഴുവൻ ചരക്കുകളും ഇറക്കി പരിശോധന നടത്താനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. അതിർത്തിയിലെ പരിശോധനയ്ക്കൊപ്പം ഇടറോഡുകളും പൊലീസ് നിരീക്ഷണം ശക്തമാണ്.
പഴുതടച്ച് നിരീക്ഷണം
1. സർക്കാർ ഉത്തരവ് പ്രകാരമുള്ള രേഖകൾ പരിശോധിച്ച് മാത്രമേ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് വാഹനങ്ങൾ കടത്തിവിടൂ
2. തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പിങ്ക് ബോർഡർ പാസ് നൽകും. പാസിന്റെ നമ്പർ, വാഹന നമ്പർ, തീയതി, സമയം, ഡ്രൈവറുടെയും സഹായിയുടെയും മേൽവിലാസം എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തും. വാഹനങ്ങൾ തിരികെ വരുമ്പോൾ അതേ യാത്രക്കാരാണുള്ളതെന്നും രേഖകൾ നോക്കി ഉറപ്പ് വരുത്തും
3. കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് മഞ്ഞ നിറത്തിലുള്ള ബോർഡർ പാസ് നൽകും. വിവരങ്ങൾ രജിസ്റ്രറിൽ രേഖപ്പെടുത്തും
4. അതിർത്തി കടന്നുവരുന്ന വാഹനങ്ങൾ കഴുതുരുട്ടിയിൽ വീണ്ടും പരിശോധിക്കും.
ആര്യങ്കാവിൽ നിന്ന് നൽകിയ മഞ്ഞ പാസ് നോക്കി യാത്രക്കാരുടെ വിവരങ്ങൾ പരിശോധിക്കും. ഇവിടെയും പ്രത്യേക രജിസ്റ്റർ ഉണ്ടാകും
5. ആര്യങ്കാവിലെ റെയിൽവേ തുരങ്കത്തിൽ പൊലീസ് / റെയിൽവേ പൊലീസ് / വനം വകുപ്പ് ഉദ്യോഗസ്ഥർ ഉണ്ടാകും
6. പുനലൂർ ഡിവൈ.എസ്.പിക്കാണ് അതിർത്തിയിലെ പൂർണ സുരക്ഷാ ചുമതല
''
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള എല്ലാ സുരക്ഷാ മുൻ കരുതലുകളും ആര്യങ്കാവ് ചെക്ക്പോസ്റ്റിലും കിഴക്കൻ മേഖലയിലും ഉറപ്പ് വരുത്തുന്നുണ്ട്.
എസ്.ഹരിശങ്കർ,
കൊല്ലം റൂറൽ എസ്.പി