f
ഇറച്ചിക്കട

 ലോക്ക് ഡൗൺ മുതൽ പരാതി വ്യാപകം

പരിശോധന

53 കടകളിൽ

ക്രമക്കേട്

29 ഇടങ്ങളിൽ

കൊല്ലം: കോഴിയിറച്ചിക്കും പോത്തിറച്ചിക്കും അമിത വില ഈടാക്കുന്നുവെന്ന പരാതിയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 29 വ്യാപാര കേന്ദ്രങ്ങൾക്കെതിരെ നടപടി. കോഴിയിറച്ചിക്ക് തോന്നിയ വില ഈടാക്കുന്നുവെന്ന പരാതി ലോക്ക് ഡൗൺ തുടങ്ങിയ ദിവസം മുതൽ വ്യാപകമാണ്. ഇതോടെയാണ് പകൽകൊള്ളക്കാർക്കെതിരെ നടപടിയെടുക്കാൻ വിജിലൻസ് ജില്ലയെമ്പാടും പരിശോധന നടത്തിയത്.

കൊല്ലം മാർക്കറ്റ്, പള്ളിമുക്ക്, കടപ്പാക്കട, രണ്ടാംകുറ്റി, മൂന്നാംകുറ്റി, അയത്തിൽ, കണ്ണനല്ലൂർ, പത്തനാപുരം, അലിമുക്ക്, ഇളമ്പൽ, അഞ്ചൽ, ചടയമംഗലം, ആയൂർ, ഓയൂർ, കുന്നിക്കോട്, പുനലൂർ, പാരിപ്പള്ളി, ചാത്തന്നൂർ, പരവൂർ തുടങ്ങി സ്ഥലങ്ങളിലെ കടകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 53 കടകളിൽ നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയ 29 ഇടങ്ങളിലാണ് നടപടി സ്വീകരിക്കാൻ ശുപാർശ നൽകിയത്. മറ്റുള്ളവർക്ക് താക്കീത് നൽകി. പോത്തിറച്ചിക്ക് കിലോ 400 രൂപ വാങ്ങിയ കടക്കാരനിൽ നിന്ന് 40 രൂപ ഉപഭോക്താക്കൾക്ക് തിരികെ നൽകിക്കാനുമായി.

പരിശോധനയിൽ കണ്ടത്

1. വില വിവരങ്ങൾ പ്രദർശിപ്പിക്കുന്നില്ല

2. പോത്തിറച്ചിക്ക് 40 രൂപയിലേറെ അധികം വാങ്ങി

3. കോഴിയിറച്ചിക്ക് തോന്നിയ വില

4. മിക്ക കടകൾക്കും ലൈസൻസ് ഇല്ല

''

അമിത വില ശ്രദ്ധയിൽപ്പെട്ടാൽ വിജിലിൻസിനെ അറിയിക്കാം. പരിശോധന നടത്തി നടപടി സ്വീകരിക്കും.

കെ.അശോക് കുമാർ

വിജിലൻസ് ഡിവൈ.എസ്.പി

ഫോൺ നമ്പർ: 0474 279 5092

140ന് മുകളിലേക്ക് പറന്ന് കോഴി വില

ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ തോന്നിയ വിലയാണ് കോഴിയിറച്ചിക്ക് ഈടാക്കുന്നത്. ശരാശരി 80 മുതൽ 95 രൂപ വരെ ഈടാക്കിയിരുന്ന കോഴിയിറച്ചിക്ക് സാഹചര്യം മുതലെടുത്താണ് വില ഉയർത്തിയത്. മത്സ്യലഭ്യത കുറഞ്ഞതും വിഷമത്സ്യങ്ങളുടെ വരവും ഇറച്ചി വാങ്ങാൻ ജനങ്ങളെ പ്രേരിപ്പിച്ചപ്പോൾ സംഘടിതമായി അവരെ കൊള്ളയടിക്കാനാണ് ഒരു വിഭാഗം വ്യാപാരികൾ ശ്രമിച്ചത്. പോത്തിറച്ചിക്ക് ശരാശരി 350 രൂപ വിലയുള്ളപ്പോൾ 400 ലേറെ രൂപയാണ് പലരും വാങ്ങിയത്. ഇതാണ് വ്യാപക പരാതികൾക്ക് ഇടയാക്കിയത്.