photo
ഇടയത്ത് സുകുമാന്റെ വീട്ടിലെത്തി ബാലചന്ദ്രൻ പുസ്തകം കൈമാറുന്നു.

അഞ്ചൽ:ലോക്ക് ഡൗണിൽ വീടുകൾക്കുള്ളിലൊതുങ്ങിയവരുടെ വിരസത അകറ്റുന്നതിനും വായനാശീലം വളർത്തുന്നതിനുമായി വീടുകൾതോറും പുസ്തകങ്ങളുമായൊരാൾ. സാക്ഷരതാ പ്രേരകും സാംസ്കാരിക-പരിസ്ഥിതി പ്രവർത്തകനുമായ എൻ.കെ. ബാലചന്ദ്രനാണ് വീടുകളിൽ പുസ്തകങ്ങളെത്തിക്കുന്നത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയും വീടുകളിൽ പുസ്തകങ്ങളെത്തിച്ചണ് തുടങ്ങയതെങ്കിലും ഇത് കേട്ടറിഞ്ഞ നിരവധിപേർ പുസ്തകങ്ങൾ ആവശ്യപ്പെട്ടു തുടങ്ങി.

നിലവിൽ സമീപ പഞ്ചായത്തുകളിലും ഇദ്ദേഹം പുസ്തകം എത്തിക്കുന്നുണ്ട്. അഞ്ഞൂറിലധികം പുസ്തകങ്ങളാണ് ഇതിനോടകം സൗജന്യമായി എത്തിച്ചത്.

വായിച്ചശേഷം പുസ്തകം തിരിച്ചേൽപ്പിക്കണമെന്ന് മാത്രമാണ് നിബന്ധന.

സന്നദ്ധ സംഘടനകളിൽ നിന്ന് ലഭിച്ച മാസ്കുകളും പുസ്തകത്തോടൊപ്പം നൽകുന്നുണ്ട്. വർഷങ്ങളായി സ്വകാര്യ ശേഖരത്തിലുണ്ടായിരുന്ന പുസ്തകങ്ങൾ കൂടാതെ വ്യക്തികളിൽ നിന്നും സന്നദ്ധ സംഘടനകൾ വഴിയും സമാഹരിച്ച മൂവായിരത്തോളം വരുന്ന പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്.