boat

നീണ്ടകര: നിയന്ത്രണങ്ങളിലാതെ എല്ലാ ചെറിയ യാനങ്ങൾക്കും കടലിൽ പോകാൻ അനുമതി നൽകണമെന്ന ആവശ്യവുമായി നീണ്ടകര പാലത്തിന് താഴെ അഴിമുഖത്തിന് കുറുകെ ബോട്ടുകളിട്ട് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.

പതിനൊന്ന് മീറ്ററിന് മുകളിലുള്ള യാനങ്ങൾക്ക് മത്സ്യബന്ധന അനുമതി നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ ദിവസം ഫിഷറീസ് മന്ത്രിയും കളക്ടറും പങ്കെടുത്ത അവലോകന യോഗത്തിലാണ് ചെറിയ ബോട്ടുകൾക്കും 25 എച്ച്.പിയിൽ താഴെയുള്ള വള്ളങ്ങൾക്കും കടലിൽ പോകാൻ അനുമതി നൽകിയത്. വൈകിട്ട് നാലരയോടെയാണ് തൊഴിലാളികൾ ബോട്ടുകൾ പാലത്തിന് താഴെ അഴിമുഖത്തിന് കുറുകെ നിരനിരയായി കൊണ്ടുവന്നിട്ടത്. എല്ലാ ചെറിയ യാനങ്ങൾക്കും കടലിൽ പോകാൻ അനുമതി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കോസ്റ്റൽ പൊലീസും ഉന്നത ഉദ്യോഗസ്ഥരും എത്തി നടത്തിയ ചർച്ചയ്ക്കൊടുവിൽ സന്ധ്യയോടെ ബോട്ടുകളുമായി തൊഴിലാളികൾ യാഡുകളിലേക്ക് മടങ്ങി.