170 ലിറ്റർ കോടയും 2 ലിറ്റർ ചാരായവും പിടിച്ചെടുത്തു
കൊല്ലം: അഷ്ടമുടിക്കായലിൽ ചെമ്മക്കാട്, പെരുമൺ, ഇഞ്ചവിള ഭാഗങ്ങളിൽ വള്ളത്തിൽ സഞ്ചരിച്ച് ചാരായ വില്പന നടത്തിവന്ന കൊല്ലം വെള്ളിമൺ മഞ്ചാടിമൂല കടവിന് സമീപം താമസിക്കുന്ന കുഞ്ഞുമോൻ എന്ന് വിളിക്കുന്ന വിൻസെന്റ് (48) എക്സൈസിന്റെ പിടിയിലായി. അർദ്ധരാത്രിയൽ വീട്ടിൽ വാറ്റിയെടുക്കുന്ന ചാരായം പിറ്റേ ദിവസം രാത്രി 9 മണി കഴിഞ്ഞ് വള്ളത്തിൽ കയറ്റി ആവശ്യക്കാർക്കാർക്ക് കയലിന്റെ കരകളിൽ എത്തിക്കുന്നതാണ് ഇയാളുടെ വില്പന രീതി.
എക്സൈസ് സംഘത്തെ കണ്ടാൽ കായൽക്കരയിലുള്ള സുഹൃത്തുക്കൾ ലൈറ്റടിച്ച് അപായ സൂചന നൽകും. വീട് കായലിന്റെ തീരത്തായതിനാൽ കോടയും മറ്റും ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടാതെ സൂക്ഷിക്കാം. ഏറെക്കാലമായി വിൻസെന്റ് ഇത്തരത്തിൽ വില്പന നടത്തിവരികയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് ഷാഡോ ടീം വേഷം മാറി ആവശ്യക്കാരെന്ന രീതിയിൽ സമീപിച്ചാണ് പ്രതിയെ കുടുക്കിയത്.
പ്രതിയുടെ വീട്ടിൽ നിന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 170 ലിറ്റർ കോട, രണ്ട് ലിറ്റർ ചാരായം , പരമ്പരാഗത രീതിയിൽ സജ്ജീകരിച്ചിരുന്ന വാറ്റ് ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജേക്കബ് ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എക്സൈസ് സെപഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദ്, ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവന്റീവ് ഓഫീസർമാരായ ശ്യാംകുമാർ, നിഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, നിതിൻ, ഗോപകുമാർ, ഡ്രൈവർ നിതിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വിൻസെന്റിന്റെ ചാരായത്തിന് വൻഡിമാൻഡ്
ലോക്ക് ഡൗൺ പഞ്ചാത്തലത്തിൽ മദ്യശാലകൾ അടഞ്ഞുകിടക്കുന്ന അവസരം മുതലാക്കി ഒരു ലിറ്റർ ചാരായത്തിന് 2000 മുതൽ 3000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. പരമ്പരാഗത രീതിയിൽ വാറ്റുന്നതിനാൽ ചാരായത്തിന് തെളിച്ചത്തിനൊപ്പം വീര്യവുമുണ്ടാകും. അതുകൊണ്ട് തന്നെ വിൻസെന്റിന്റെ ചാരായത്തിന് വൻ ഡിമാൻഡാണ്.
കിളികൊല്ലൂരിൽ യുവാവ് പിടിയിൽ
കൊല്ലം: കിളികൊല്ലൂർ പേരൂർ വഞ്ചിമുക്കിൽ വീട്ടിൽ വ്യാജ ചാരായം നിർമ്മിക്കുന്നതിനിടെ യുവാവ് പിടിയിൽ. പേരൂർ പുതുശേരി വീട്ടിൽ അരുൺ (31) ആണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 750 മില്ലി ലിറ്റർ ചാരായവും 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.