കൊട്ടാരക്കര: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കലയപുരത്ത് വ്യാപക കൃഷി നാശം. ഏത്തവാഴ, മരച്ചീനി ,പച്ചക്കറി, ഫല വൃക്ഷങ്ങൾ എന്നിയാണ് നശിച്ചത്. കലയപുരം പടിപ്പുരക്കാല ഏലായിൽ കൈനേത്ത് മോനച്ചന്റെ നൂറോളം ഏത്തവാഴകൾ കാറ്റിൽ നിലംപൊത്തി.
പൊരുന്നൽ പ്രഭാകരൻ പിള്ളയുടെ മരച്ചീനിയും വാഴകളും പിഴുതു വീണു. സമീപവാസിയായ വേലപ്പന്റെ പച്ചക്കറി തോട്ടവും നശിച്ചു. തെക്കതിൽ ഏലായിൽ കഴിയിൽ ജോണി, തയ്യിൽ തങ്കച്ചൻ, പുഷ്ക്കരൻ പിള്ള എന്നിവരുടെ വാഴകളും നിലംപൊത്തി. മേച്ചാലിൽ ഏലായിൽ ഐക്കര പടിഞ്ഞാറ്റതിൽ ഗോപിനാഥൻപിള്ള, ചെറുവള്ളിൽ രാമചന്ദ്രൻ പിള്ള എന്നിവരുടെ ഏത്തവാഴകളും അരിയറ ഏലായിൽ കാഞ്ഞിരമുകൾ രാജന്റെ 300 മൂട് മരച്ചീനിയും നശിച്ചു. മാർ ഇവാനിയോസ് സ്കൂളിനു സമീപം റോഡുസൈഡിലുണ്ടായിരുന്ന തട്ടുകട കാറ്റിൽ തകർന്നു. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.