covid

പാരിപ്പള്ളി: ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിലുള്ളവരെ പാർപ്പിക്കാൻ അധികൃതർ പാരിപ്പള്ളിയിലെത്തിച്ചെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് മടക്കി അയച്ചു.

ഇന്നലെ ഉച്ചയോടെയാണ് ആന്ധ്രാ സ്വദേശികളായ രണ്ടുപേരെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരം ആംബുലൻസിൽ പാരിപ്പള്ളിയിൽ എത്തിച്ചത്. എന്നാൽ കൊടിമൂട്ടിൽ ടെമ്പിൾ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ഒ.എസ്. ബിജു, കോട്ടക്കേറം വാർഡംഗം സിമ്മിലാൽ എന്നിവരുടെ നേതൃത്വത്തിൽ ജനവാസമേഖലയിൽ രോഗികളെ പാർപ്പിക്കുന്നതിനെതിരെ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. തുടർന്ന് രോഗികളെ പാരിപ്പള്ളിയിൽ ഇറക്കാതെ അതേ വാഹനത്തിൽ മടക്കി അയക്കാൻ ഡി.എം.ഒ നിർദ്ദേശിക്കുകയായിരുന്നു.

കിഴക്കൻ മലയോര മേഖലയിലെ നിരീക്ഷണത്തിലുള്ള നാൽപ്പതോളം പേരെ വ്യാഴാഴ്ച പാരിപ്പള്ളിയിൽ എത്തിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഇതിനായി കളക്ടറുടെ നിർദ്ദേശ പ്രകാരം പാരിപ്പള്ളി ജംഗ്ഷനിലെയും മടത്തറ റോഡിലെയും രണ്ട് ലോഡ്ജുകൾ പാരിപ്പള്ളി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ഏറ്റെടുത്തിരുന്നു. അതേസമയം സർക്കാർ ഏറ്റെടുത്ത ചാത്തന്നൂർ റോയൽ ആശുപത്രിയിൽ നൂറ്റി അൻപതോളം മുറികൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ജനവാസമേഖലയായ പാരിപ്പള്ളി ജംഗ്ഷനിൽ നിരീക്ഷണത്തിലുള്ളവരെ പാർപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.