police

'കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ,
രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ. ഭഗവാൻ ശ്രീകൃഷ്ണനെപ്പറ്റി ജ്ഞാനപ്പാനയിൽ പൂന്താനം പറഞ്ഞത് ഒന്നോർത്തു പോയതാണ്. പൂന്താനം പറഞ്ഞത് ശ്രീകൃഷ്ണനെപ്പറ്റിയാണെങ്കിൽ കൊല്ലംകാരൻ പറയുന്നത് 'ശ്രീകൃഷ്ണ 'യെ പറ്റിയാണ്. ശ്രീകൃഷ്ണയെന്ന് പേരു വരുന്നതുപോലും ഒരു സുകൃതമല്ലെ എന്നാണ് പഴമക്കാരുടെ പക്ഷം. എന്തു പറയാൻ സ്യമന്തകമണി മോഷ്ടിക്കാഞ്ഞിട്ടും സാക്ഷാൽ ശ്രീകൃഷ്ണനെ കള്ളനാക്കിയില്ലേ...വരുന്നത് വഴിയിൽ തങ്ങുമോ...

വഴിയിൽ നിന്ന് തന്നെ തുടങ്ങാം.

കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ കാറിൽ വരുന്നു. കൊവിഡ് കാലമായതിനാൽ വലിയ തിരക്കൊന്നുമില്ലാത്ത പ്രസിഡന്റ് മകനെയും കൊണ്ട് ആശുപത്രിയിൽ പോകാനിറങ്ങിയതാണ്. ശ്രീകൃഷ്ണയെന്നാണ് ഈ ഒൻപതാം ക്ലാസുകാരന്റെ പേര്. പല കോൺഗ്രസ് നേതാക്കൾക്കും ശ്രീകൃഷ്ണയെന്ന പേരറിയില്ല. പക്ഷേ, വീട്ടിൽ വിളിക്കുന്ന കുഞ്ഞുണ്ണിയെന്ന പേരറിയാം. എന്തായാലും കടുത്ത പനിയും ഛർദ്ദിയും കാരണം അവശനാണ് കുട്ടി. വരുന്ന വഴിയിൽ അമ്മ ചില യൂത്ത് കോൺഗ്രസുകാരെ കണ്ടു. പ്രവാസികളുമായി ബന്ധപ്പെട്ട് കളക്ടർക്ക് നിവേദനം നൽകാനെത്തിയ ഇവർ പ്രസിഡന്റിനോട് ഫേസ്ബുക്ക് ലൈവിലൂടെ ഒരു ഐക്യദാർഢ്യം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇതിന് തയ്യാറായി. അപ്പോഴും കാറിൽ ഇരിപ്പാണ് ശ്രീകൃഷ്ണ.

പിന്നെ കണ്ടത് തുരുതുരാ അറസ്റ്റാണ്. നടന്നും സൈക്കിളിലുമൊക്കെ വന്ന യൂത്തന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. സമരമല്ലെങ്കിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചാണത്രെ ഇവർ നിവേദനം നൽകാൻ എത്തിയത്. ഇതൊന്നും അറിയാതെ കാറിൽ കയറാനൊരുങ്ങിയ ബിന്ദുകൃഷ്ണയെയും പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനോട് സഹകരിക്കണമെന്ന പൊലീസിന്റെ അഭ്യർത്ഥനയോട് മാന്യാമായാണ് ബിന്ദുകൃഷ്ണ പ്രതികരിച്ചത്. ഇതിനിടെ മകനെ വീട്ടിലെത്തിക്കാൻ ഡ്രൈവറായെത്തിയ യൂത്ത് കോൺഗ്രസുകാരനെ ഏർപ്പാടാക്കി. അമ്മ വന്നാലുടൻ ആശുപത്രിയിൽ പോകാമെന്ന് മകനെ ആശ്വസിപ്പിച്ചാണ് ബിന്ദുകൃഷ്ണ പോയത്.

ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഡ്രൈവറെയും അറസ്റ്റ് ചെയ്തിരിക്കുന്നു. എത്ര വലിയ നേതാവായാലും ഒരു അമ്മയല്ലെ... മകൻ എവിടെയെന്ന ചോദ്യത്തിന് ചിന്നക്കടയിൽ കാറിൽ തനിച്ചിരിക്കുന്നുവെന്നും മകനെ കൊണ്ടുപോകാൻ സമ്മതിക്കാതെ തന്നെ അറസ്റ്റ് ചെയ്തതാണെന്നും ഡ്രൈവർ വെളിപ്പെടുത്തി. തളർന്നുപോയ ബിന്ദുകൃഷ്ണയെ കോൺഗ്രസ് നേതാക്കളാണ് ആശ്വസിപ്പിച്ചത്. വലിയ പ്രതിഷേധത്തിലേക്ക് കാര്യങ്ങൾ നീങ്ങിത്തുടങ്ങി. കോൺഗ്രസുകാർ സംഘടിച്ചു. ചിലർ ശ്രീകൃഷ്ണയ്ക്ക് കാവാലാകാൻ ചിന്നക്കടയിലേക്കോടി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധത്തിന് കൂടുതൽ നേതാക്കളെത്തി. പ്രതിഷേധവുമായി ഡി.സി.സി പ്രസിഡന്റ് സ്റ്റേഷനിൽ കുത്തിയിരുന്നു. ജാമ്യത്തിൽ പോകാമെന്ന് പൊലീസ് അറിയിച്ചെങ്കിലും മകനെ കൊണ്ടാക്കാൻ വിസമ്മതിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിക്കുന്നുവെന്നും സിറ്റി പൊലീസ് കമ്മിഷണർ വരാതെ പോകില്ലെന്നുമായി ബിന്ദു കൃഷ്ണ.

സ്ഥലത്തില്ലാത്ത കമ്മിഷണർക്കുവേണ്ടി എ.സി.പി എത്തി സംസാരിച്ചു. വഴങ്ങാതായപ്പോൾ പിന്നെ കമ്മിഷണർ തന്നെ നേരിട്ടുവിളിച്ച് ക്ഷമ പറഞ്ഞു. ഇങ്ങനെയൊരു അറസ്റ്റിന്റെ ആവശ്യമില്ലെന്നു തന്നെയാണ് അദ്ദേഹം പറഞ്ഞത്. അപ്പോഴേക്കും രണ്ടുമണിക്കൂറിലേറെ കഴിഞ്ഞിരുന്നു. അത്രയും സമയം കുട്ടി പനിച്ചു വിറച്ച് കാറിൽ തന്നെയിരിപ്പായിരുന്നു.

കൊല്ലംകാരന്റെ ചോദ്യം പൊലീസിനോടാണ്. ബിന്ദു കൃഷ്ണയ്ക്ക് രാഷ്ട്രീയമുണ്ടാവാം. അവർക്ക് അതിൽ മുതലെടുപ്പോ ലക്ഷ്യങ്ങളോ ഉണ്ടാവാം. ഇതിന് പാവം മകൻ എന്തു പിഴച്ചു. ആരാണ് ആ കുട്ടിയെ കൊണ്ടുപോകാൻ സമ്മതിക്കരുതെന്ന് നിങ്ങളോട് നിർദ്ദേശിച്ചത്. ആരും നിർബന്ധിക്കാതെ നിങ്ങളത് ചെയ്യില്ലെന്നും അറിയാം. ചിലതിനൊക്കെ ഒരു മര്യാദ വേണ്ട? ഇന്ന് സഖാക്കൾ ഭരിക്കുന്നെങ്കിൽ നാളെ കോൺഗ്രസായിരിക്കും നിങ്ങളുടെ യജമാനർ. യജമാനഭക്തി കൂടുന്നത് നല്ലതാ. സ്ഥാനക്കയറ്റം മുതൽ പലതും കിട്ടും. പക്ഷേ അതൊക്കെ എത്രനാളാ? പരാക്രമം കുഞ്ഞുങ്ങളോടല്ല വേണ്ടൂ...