എണ്ണം സംബന്ധിച്ച് സർക്കാർ വകുപ്പുകൾക്ക് ഏകോപനമില്ല
കൊല്ലം: ലോക്ക് ഡൗണിൽ തൊഴിലും വരുമാനവും നിലച്ച അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് സാദ്ധ്യതയെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്യാമ്പുകളിൽ പൊലീസ് ഇടപെടൽ ശക്തമാക്കി. തൊഴിലാളികൾക്ക് ഭക്ഷണത്തിനും മറ്റ് അവശ്യകാര്യങ്ങൾക്കും ബുദ്ധിമുട്ട് നേരിട്ടാൽ പ്രതിഷേധങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ട് ലോക്ക് ഡൗണിന്റെ തുടക്കത്തിൽ തന്നെ സിറ്റി, റൂറൽ സ്‌പെഷ്യൽ ബ്രാഞ്ചുകൾ ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറിയിരുന്നു. ചങ്ങനാശേരിക്കടുത്ത് പായിപ്പാട്ട് കഴിഞ്ഞ മാസം അവസാനം നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ ലോക്ക് ഡൗൺ ലംഘിച്ച് തെരുവിലിറങ്ങിയതോടെ ജില്ലയിലും ജാഗ്രത വർദ്ധിപ്പിച്ചിരുന്നു. തുടർന്നാണ് അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ പൊലീസ് നേരിട്ടുള്ള ഇടപെടൽ നടത്തിയത്. അവശ്യ സാധനങ്ങളും ഭക്ഷണവും ക്യാമ്പുകളിൽ ഉറപ്പ് വരുത്താൻ ഉദ്യോഗസ്ഥർക്ക് ചുമതല വിഭജിച്ച് നൽകി. തൊഴിലാളികളുടെ ആരോഗ്യ കാര്യങ്ങളിലും പൊലീസ് ശ്രദ്ധിക്കുന്നുണ്ട്.
ക്യാമ്പുകളുടെ വിഭജനം
1 - 100ന് മുകളിൽ
2 - 50
3 - 50ൽ താഴെ
പൊലീസ് ഇടപെടൽ ഇങ്ങനെ
1. തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ക്യാമ്പുകളെ മൂന്ന് ഗ്രേഡുകളായി തിരിച്ചു
2. നൂറിനടുത്ത് തൊഴിലാളികൾ ഉ്ളള ഗ്രേഡ് 1 കാറ്റഗറിയിലുള്ള ക്യാമ്പുകളുടെ ചുമതല ഡിവൈ.എസ്.പിമാർക്ക്
3. അമ്പതിനടുത്ത് തൊഴിലാളികളുള്ള ഗ്രേഡ് 2 കാറ്റഗറിയിലുള്ള ക്യാമ്പുകളുടെ ചുമതല സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക്
4. അമ്പതിൽ താഴെ തൊഴിലാളികളുള്ള ഗ്രേഡ് 3 കാറ്റഗറിയിലുള്ള ക്യാമ്പുകളുടെ ചുമതല സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മൈഗ്രന്റ് ലേബേഴ്‌സ് ലെയ്‌സൺ ഓഫീസർമാർക്ക്
5. കഴിയുമെങ്കിൽ എല്ലാ ദിവസവും ക്യാമ്പുകൾ സന്ദർശിച്ച് തൊഴിലാളികളുടെ ആരോഗ്യവും ഭക്ഷണ ലഭ്യതയും ശ്രദ്ധിക്കണമെന്നാണ് നിർദേശം
6. പുറത്ത് നിന്നുള്ളവർ തൊഴിലാളി ക്യാമ്പുകൾ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി
7. എല്ലാ ക്യാമ്പുകളിലും അടിയന്തിര സന്ദർഭങ്ങളിൽ ബന്ധപ്പെടേണ്ടുന്ന 112 എന്ന നമ്പരും കൊവിഡ് കൺട്രോൾ റൂം നമ്പരുകളും പ്രദർശിപ്പിച്ചിട്ടുണ്ട്
8. ചുമതലയുള്ള ഉദ്യോഗസ്ഥരെ സഹായിക്കാൻ ഹിന്ദി അറിയാവുന്ന ഹോം ഗാർഡുകളെയും നിയോഗിച്ചു
9. വിവിധ ഭാഷകൾ അറിയാവുന്നവരെ കൺട്രോൾ റൂമുകളിൽ നിയോഗിച്ചു
(ക്യാമ്പുകളെ മൂന്ന് കാറ്റഗറിയായി തിരിച്ചത് റൂറലിലാണ്. സിറ്റിയിലും സമാന ഇടപെടലാണ്)
കൊവിഡ് കൺട്രോൾ റൂം നമ്പർ
കൊല്ലം റൂറൽ
0474 2450868, 9497931000
കൊല്ലം സിറ്റി
9497960871, 9497930936
പൊരുത്തപ്പെടാതെ കണക്കുകൾ
പൊലീസിന്റെ കണക്കിൽ ജില്ലയിൽ 12,601 അന്യസംസ്ഥാന തൊഴിലാളികളുണ്ട്. കൊല്ലം റൂറൽ പൊലീസ് പരിധിയിൽ 625 ക്യാമ്പുകളിലായി 5,950 തൊഴിലാളികളുണ്ട്. കൊല്ലം സിറ്റി പൊലീസ് പരിധിയിൽ 105 ക്യാമ്പുകളിലായി 6,651 തൊഴിലാളികൾ താമസിക്കുന്നുണ്ട്. എല്ലാ തൊഴിലാളികൾക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഒപ്പിട്ട തിരിച്ചറിയൽ കാർഡുകൾ പൊലീസ് വിതരണം ചെയ്തിരുന്നു. പൊലീസിന്റെ കണക്കിലേക്കാൾ 2,647 തൊഴിലാളികൾ കുറവാണ് തൊഴിൽ വകുപ്പിന്റെ കണക്കിൽ. ഇവരിൽ 5,400 പേർ കരാറുകാരുടെ തൊഴിലാളികളാണെന്നും ശേഷിക്കുന്ന 4,554 തൊഴിലാളികൾ സ്വതന്ത്രമായി പണിയെടുക്കുന്നവരാണെന്നും തൊഴിൽ വകുപ്പ് പറയുന്നു. തൊഴിൽ വകുപ്പിന്റെ കണക്ക് അനുസരിച്ചായിരുന്നു സർക്കാരിന്റെ സൗജന്യ റേഷൻ വിതരണം.
ജില്ലയിലെ തൊഴിലാളികൾ
പൊലീസിന്റെ കണക്ക്: 12,601
തൊഴിൽ വകുപ്പ്: 9,954
തൊഴിലുടമ ഇല്ലാത്തവർക്ക്
സൗജന്യ ഭക്ഷ്യ കിറ്റുകൾ
തൊഴിൽ വകുപ്പിന്റെ കണക്കനുസരിച്ച് തൊഴിലുടമയില്ലാത്ത 4,554 തൊഴിലാളികൾക്ക്
സിവിൽ സപ്ലൈസ് വകുപ്പ് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകി. ഓരോ തൊഴിലാളിക്കും അഞ്ച് കിലോ അരി അല്ലെങ്കിൽ നാല് കിലോ ആട്ട, ഉരുളക്കിഴങ്ങ്, സവാള, മഞ്ഞൾപ്പൊടി, മുളക് പൊടി, കടുകെണ്ണ എന്നിവയാണ് എത്തിച്ച് നൽകിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയും സ്വന്തം നിലയിലും അവശ്യ സാധനങ്ങൾ നിത്യവും ക്യാമ്പുകളിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.
പൊരുത്തക്കേട് ശരിയല്ല
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയെത്തിയ അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് ആത്മഹത്യ ചെയ്തത് കഴിഞ്ഞ ആഴ്ചയിലാണ്. ശാസ്താംകോട്ട പനപ്പെട്ടിയിലെ ബ്രിക്സ് കമ്പനിയിലെ തൊഴിലാളിയായ യുവാവിന്റെ പേര് വിവരങ്ങൾ സർക്കാർ കണക്കിൽ ഉണ്ടായിരുന്നില്ലെന്ന് പരാതി ഉയർന്നു. സർക്കാർ കണക്കുകളേക്കാൾ കൂടുതൽ തൊഴിലാളികൾ ജില്ലയിലുണ്ടെന്നാണ് പൊതുവെയുള്ള വിമർശനം.
''
അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇവരുടെ ക്ഷേമം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് ചുമതല വിഭജിച്ച് നൽകിയിട്ടുണ്ട്. ക്രമസമാധാനം തകരാൻ അനുവദിക്കില്ല.
ഹരിശങ്കർ
റൂറൽ എസ്.പി