കൊല്ലം: ആശാപ്രവർത്തകയും വിദേശത്ത് നിന്ന് 38 ദിവസം മുമ്പ് മടങ്ങിയെത്തി ഗൃഹനിരീക്ഷണം പൂർത്തിയാക്കിയ ഏഴ് വയസുകാരിയും അടക്കം കൊല്ലത്ത് മൂന്നുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചാത്തന്നൂർ മീനാട് സ്വദേശിനിയായ ആശാപ്രവർത്തക, ശാസ്താംകോട്ട പാറയിൽമുക്ക് സ്വദേശിനിയായ ഏഴുവയസുകാരി, തമിഴ്നാട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് രോഗബാധിതനായ കുളത്തൂപ്പുഴ സ്വദേശിയായ യുവാവിന്റെ സുഹൃത്ത് എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ആശപ്രവർത്തകയ്ക്ക് ആരിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് വ്യക്തമല്ല. സാമൂഹ്യ വ്യാപനം ഉണ്ടോയെന്ന് കണ്ടെത്താൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന സർവേയുടെ ഭാഗമായാണ് ആശാപ്രവർത്തകയുടെ സ്രവം ശേഖരിച്ചത്. എന്നാൽ പരിശോധനാ ഫലം വന്നപ്പോൾ പോസിറ്റീവ് ആകുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ആരുമായും ഇവർ നേരിട്ട് ഇടപഴകിയിട്ടില്ല. ചുമതലയുള്ള മേഖലയിൽ ജോലിയുടെ ഭാഗമായി വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരുടേതടക്കം വീടുകൾ സന്ദർശിച്ചിരുന്നു. വീട്ടിൽ ഒപ്പം താമസിക്കുന്ന ഭർത്താവിനെയും മകളെയും ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.
ഷാർജയിൽ ഭർത്താവിനൊപ്പം കഴിഞ്ഞിരുന്ന യുവതിയും മകളും കഴിഞ്ഞമാസം 18നാണ് സ്വദേശമായ കണ്ണനല്ലൂരിലെത്തിയത്. 28 ദിവസത്തെ ഗൃഹനിരീക്ഷണം പൂർത്തിയാക്കിയ ശേഷം ആരോഗ്യ വകുപ്പിന്റെ അനുമതിപത്രത്തോടെയാണ് ശാസ്താംകോട്ടയിലെ ഭർത്തൃഗൃഹത്തിലെത്തിയത്. മൂന്നുദിവസം മുമ്പ് പെൺകുട്ടിക്ക് പനി ബാധിച്ചതോടെയാണ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചത്. അന്ന് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയിട്ട് 35-ാം ദിവസമായിരുന്നു. പെൺകുട്ടിയുമായി നേരിട്ട് ഇടപഴകി പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട അമ്മയടക്കം 13 പേരെ ആശുപത്രികളിൽ നിരീക്ഷണത്തിലാക്കി. ഇതിൽ മൂന്നുപേർ കണ്ണനല്ലൂർ സ്വദേശികളും ബാക്കി പത്തുപേർ ശാസ്താംകോട്ട സ്വദേശികളുമാണ്. പരിശോധനയ്ക്കായി കുട്ടിയുടെ സ്രവം ശേഖരിച്ച കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും രണ്ട് മെയിൽ നഴ്സുമാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് വാർഡിൽ ചികിത്സയിൽ കഴിയുന്ന കുളത്തൂപ്പുഴ സ്വദേശിയായ യുവാവുമായി നിരന്തരം സമ്പർക്കം പുലത്തിയിരുന്നയാളാണ് ഇന്നലെ രോഗം സ്ഥരീകരിച്ച മദ്ധ്യവയസ്കൻ. കുളത്തൂപ്പുഴ ആമക്കുളം സ്വദേശിയാണെങ്കിലും ഇപ്പോൾ അമ്പലക്കടവിന് സമീപമാണ് താമസിക്കുന്നത്. ഭാര്യയുമായി പണിങ്ങിക്കഴിയുന്ന ഇയാളുടെ വീട്ടിൽ യുവാവ് സ്ഥിരമായി എത്തുമായിരുന്നു. രാത്രികാലങ്ങളിൽ നിരവധി സുഹൃത്തുക്കൾ ഈ വീട്ടിൽ തമ്പടിക്കാറുണ്ട്. യുവാവിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സുഹൃത്തായ മദ്ധ്യവയസ്കനെ തെന്മലയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്നര ആഴ്ചയ്ക്കുളിൽ നൂറ് കണക്കിന് പേരുമായി ഇയാൾ ഇടപെട്ടിട്ടുള്ളതായാണ് പ്രാഥമിക വിവരം.