qua

കൊല്ലം: തമിഴ്നാട്ടിൽ നീരോടിയിൽ നിന്ന് നീണ്ടകരയിലെത്തി ജീസസ് എന്ന ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയിരുന്ന നീണ്ടകര സ്വദേശി ജെറോണി, കൊല്ലംകോട് സ്വദേശി പനിത്താസ്, നീണ്ടകര സ്വദേശി തദേവൂസ് എന്നിവരെ നീണ്ടകര തീരദേശ പൊലീസ് കണ്ടെത്തി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം നിരീക്ഷണ കേന്ദ്രത്തിലാക്കി.
ഇവരെ മത്സ്യബന്ധത്തിന് തമിഴ്നാട്ടിൽ നിന്നെത്തിച്ച നീണ്ടകര സ്വദേശി ആന്റണിയെ കഴിഞ്ഞയാഴ്ച തീരദേശ പൊലീസും ആരോഗ്യവകുപ്പും ചേർന്ന് നിരീക്ഷണലാക്കിയിരുന്നു. ജീസസ് വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയവരെ പിടികൂടാൻ കഴിഞ്ഞ ഒരാഴ്‌ചയായി തീരദേശ പൊലീസ് കടലിലും കരയിലും ശക്തമായ തെരച്ചിൽ നടത്തിവരികയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാവിലെ നീണ്ടകര ഹാർബറിൽ മത്സ്യവിപണത്തിനെത്തിയ ജീസസ് വള്ളത്തിൽ നിന്ന് സി.ഐ എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മോഹൻ കുമാർ, ഭുവനദാസ്, എം.ഡി. പ്രശാന്തൻ, സഞ്ജയൻ, എ.എസ്.ഐ മാരായ ഡി.ശ്രീകുമാർ, ഷാൾ വിനായറ്റ്, എസ്. അശോകൻ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.

സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നിർദ്ദേശാനുസരണം ഇത്തരത്തിൽ തമിഴ്നാട്ടിൽ നിന്ന് എത്തുന്നവരെ കണ്ടെത്താൻ തീരദേശ പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് വ്യാപക പരിശോധനകൾ നടത്തിവരികയാണ്.