479 കേസുകളിൽ 419 വാഹനങ്ങൾ പിടിച്ചെടുത്തു
കൊല്ലം: ലോക്ക് ഡൗൺ ഇളവുകൾക്കിടയിലും നിയമലംഘനം നടത്തിയ 486 പേർ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായി. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 479 കേസുകൾ രജിസ്റ്റർ ചെയ്ത് 419 വാഹനങ്ങൾ പിടിച്ചെടുത്തു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വന്ന മാർച്ച് 24 മുതൽ ഈ മാസം 24 വരെ കൊല്ലം സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 9,613 കേസുകൾ രജിസ്റ്റർ ചെയ്തു. 9,941 പേരെ അറസ്റ്റ് ചെയ്ത് 8,051 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.
കൊല്ലം ഉളിയക്കോവിൽ മുനിസിപ്പൽ കോളനിയിൽ വിജയ്‌യുടെ (18) വീട്ടിൽ നട്ടുവളർത്തിയിരുന്ന അഞ്ച് കഞ്ചാവ് ചെടികൾ കൊല്ലം ഈസ്റ്റ് പൊലീസ് കണ്ടെത്തി. വിജയ്, ബന്ധുവും ചേർത്തല വടക്ക് പുത്തൻകുളങ്ങര നെടുംചിറ വീട്ടിൽ കരുൺ (27) എന്നിവർ അറസ്റ്റിലായി. പള്ളിമുക്കിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ജ്യൂസ് കട പ്രവർത്തിപ്പിച്ച ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മരണാനന്തര ചടങ്ങിന് സ്ത്രീകളടക്കം 13 പേരുമായി പോയ
ആംബുലൻസ് ജില്ലാ അതിർത്തിയായ കാപ്പിൽ ഭാഗത്ത് പരവൂർ പൊലീസ് പിടിച്ചെടുത്തു. ഡ്രൈവർ കൊല്ലം പുള്ളിക്കട പുതുവൽ പുരയിടത്തിൽ ചിക്കുവിനെ (30) അറസ്റ്റ് ചെയ്തു.
കൊല്ലം റൂറൽ / സിറ്റി
രജിസ്റ്റർ ചെയ്ത കേസുകൾ: 156, 323
അറസ്റ്റിലായവർ: 157, 329
പിടിച്ചെടുത്ത വാഹനങ്ങൾ: 151, 268