അഞ്ചൽ: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി കനാലിൽ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. കൊല്ലം മയ്യനാട് പുല്ലിച്ചിറ അക്ഷയ ഭവനിൽ അക്ഷയ്.എസ്.ദാസാണ് (18) മരിച്ചത്. മയ്യനാട് വെള്ളമണൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.
അഞ്ചൽ മാവിളയിൽ സഹോദരിയുടെ ബന്ധുവീന്റെ കല്യാണത്തിന് എത്തിയതായിരിന്നു അക്ഷയ്. അക്ഷയ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനായി സുഹൃത്ത് മാവിള സ്വദേശി സഞ്ചു കനാലിലേക്ക് ചാടിയെങ്കിലും ഇയാളും ഒഴുക്കിൽപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഇയാളെ രക്ഷപ്പെടുത്തി പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചലിൽ നിന്ന് പൊലീസ് എത്തിയ ശേഷമാണ് അക്ഷയ്യുടെ മൃതദേഹം കരയിലെത്തിച്ചത്. തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. പിതാവ് സുധർമ്മ ദാസ്. മാതാവ്: സുനിത. സഹോദരി: അപർണ.