pho
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് പുനലൂരിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി കെ. രാജു സംസാരിക്കുന്നു.പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ സുശീലാ രാധാകൃഷ്ണൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ എന്നിർ സമീപം

പുനലൂർ: കുളത്തൂപ്പുഴയിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തിയിലെ ആര്യങ്കാവ് ,തെന്മല,കുളത്തൂപ്പുഴ പഞ്ചായത്തുകളിലെ താമസക്കാർ കടുത്ത ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ. രാജു നിർദ്ദേശിച്ചു. പുനലൂർ നിയോജക മണ്ഡലത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിലയിരുത്താൻ നടന്ന സംയുക്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാളുടെ പരിശോധന ഫലം കൂടി പോസ്റ്റീവ് ആകാനുളള സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ പേരെ ഐസൊലേഷനിൽ നിരീക്ഷണങ്ങൾ പാർപ്പിക്കേണ്ടിവരും.ഇതിനാവശ്യമായ കെട്ടിടങ്ങളും മറ്റും ഒരുക്കി നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തെന്മല വാലി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾക്ക് ജോലിക്കിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. ഇത് കണക്കിലെടുത്ത് ജില്ലാ കളക്ടറുമായി ചർച്ച നടത്തും. ആദിവാസി കോളനികളിലെ താമസക്കാർക്കും ഐസൊലേഷനിൽ കഴിയുന്നവർക്കും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിന് താലൂക്ക് ട്രൈബൽ ഓഫിസറെ ചുമലതപ്പെടുത്തി..

നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, ഡി.എഫ്.ഒമാരായ സുനിൽ ബാബു, ഷാനവാസ്, പുനലൂർ ഡിവൈ.എസ്.പി അനിൽദാസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ, തഹസീൽദാർ ജി. നിർമ്മൽകുമാർ, താലൂക്ക് സപ്ലൈ ഓഫീസർ ജോൺ തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. പ്രദീപ്, ആർ. ലൈലജ, മിനി സുരേഷ്, ഹംസ, രവീന്ദ്രനാഥ്, പി.ലൈലബീവി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.