കൂട്ടം കൂടരുത്, തൊഴിലിടങ്ങളിൽ അഞ്ചുപേർ മതി
കൊല്ലം: ലോക്ക് ഡൗണിന് ഇളവ് അനുവദിച്ച മേഖലകളിൽ ജനങ്ങൾ കൂട്ടം കുടുന്നതും തൊഴിലിടങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ ഇടപഴകുന്നതും നിയന്ത്രിക്കാൻ പൊലീസ് ഇടപെടൽ ശക്തമാക്കി. ഹോട്ട് സ്‌പോട്ടുകളായ പുനലൂർ നഗരസഭയിലെ കാരക്കാട് വാർഡ്, കുളത്തൂപ്പുഴ, നിലമേൽ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഇളവുകൾ അനുവദിക്കില്ല.
ആരോഗ്യം, റവന്യൂ തുടങ്ങി അനുമതിയുള്ള സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കും. മറ്റിതര സ്വകാര്യ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല. ഹോട്ട് സ്പോട്ടുകളിൽ വാഹന പരിശോധനയ്ക്കൊപ്പം വനാതിർത്തിയിലുള്ള ഇടറോഡുകളും കാട്ടുപാതകളും അടച്ചു.
പുറത്തിങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിൽ സാമൂഹ്യ അകലം പാലിച്ച് വ്യക്തി ശുചിത്വം പുലർത്തണം
2. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും നിർബന്ധമായും മാസ്‌ക് ധരിക്കണം
3. വിവാഹങ്ങൾക്കും മരണാന്തര ചടങ്ങുകൾക്കും ആളുകൾ കൂടുന്നത് നിയന്ത്രിക്കും
4. പൊതുസ്ഥലങ്ങളിൽ തുപ്പിയാൽ പിഴ ഈടാക്കും
5. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ച വ്യാധി തടയൽ ഓർഡിനൻസ് പ്രകാരം കേസെടുക്കും
6.ഹോട്ട് സ്‌പോട്ടുകളിലും ഇളവുലഭിച്ച ഇടങ്ങളിലും അനാവശ്യ വാഹനയാത്രകൾ അനുവദിക്കില്ല
7. സത്യവാങ്മൂലമോ നിയമാനുസൃത പാസോ ഉപയോഗിച്ച് മാത്രമേ വാഹനയാത്ര അനുവദിക്കൂ
ശാസ്താംകോട്ടയിലും പോരുവഴിയിലും നിരോധനാജ്ഞ
ശാസ്താംകോട്ട പനപ്പെട്ടയിൽ ഏഴ് വയസുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ശാസ്താംകോട്ട, പോരുവഴി പഞ്ചായത്തുകൾ പൊലീസ് നിയന്ത്രണത്തിലാക്കി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രധാന ജംഗ്ഷനുകളിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് സാനിദ്ധ്യം ഉറപ്പാക്കി. രണ്ട് പഞ്ചായത്തുകളിലേക്കുമുള്ള എല്ലാ വഴികളും ഇടറോഡുകളും അടച്ചു. ഇവിടെ നിന്ന് പുറത്തേക്ക് പോകാനും അകത്തേക്ക് പ്രവേശിക്കാനും കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. അനാവശ്യമായി ചുറ്റിത്തിരിയുന്നവരെ അറസ്റ്റ് ചെയ്ത് നീക്കും. കൊല്ലം - തേനി ദേശീയപാതയിലെ ചക്കുവള്ളിക്കും ഭരണിക്കാവിനും ഇടയിലുള്ള ഗതാഗതം പൊലീസ് നിയന്ത്രണത്തിലാണ്. കൊവിഡ് സ്ഥിരീകരിച്ച് പാറയിൽമുക്കിൽ വ്യാപാരശാലകളെല്ലാം അടപ്പിച്ച് പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. വീട് കയറിയുള്ള കച്ചവടവും വാഹനങ്ങളിലെ കച്ചവടവും വിലക്കി.