ദുരിതാശ്വാസ നിധിയിലേക്ക് എട്ടാം ക്ളാസുകാരിയുടെ വിഷുക്കൈനീട്ടം
കൊട്ടിയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുംബയ് സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഡോംബിവില്ലി വെസ്റ്റ് സിൻഗാനിയ ഭവനിൽ മലയാളിയായ കൊല്ലം മുഖത്തല സ്വദേശിനി ലതാ ബി. ഷായുടെയും ഗുജറാത്തിലെ ഭാവനാ നഗർ സ്വദേശിയായ ബാവേഷ് കെ. ഷായുടെയും ഇളയ മകളായ പ്രിയാഞ്ചി ബി. ഷായാണ് ബന്ധുമിത്രാദികളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വിഷുക്കൈനീട്ടമായ 3001 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
കേരളത്തിലെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സർവസൈന്യാധിപനായി നിന്ന് ജനങ്ങൾക്ക് കരുതലും സംരക്ഷണവും നൽകുന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അതിയായ ബഹുമാനവും സ്നേഹവുമാണ് തന്റെ തീരുമാനത്തിന് പ്രചോദനമായതെന്ന് പ്രിയാഞ്ചി പറയുന്നു.
സംഭാവന നൽകാനുള്ള ആഗ്രഹം പ്രിയാഞ്ചി മുഖത്തല ചേരിക്കോണം സ്വദേശിയായ അമ്മാവൻ ബി.എസ്.എൻ.എൽ വെള്ളയിട്ടമ്പലം ജില്ലാ ജനറൽ മാനേജർ ഓഫീസിലെ അസി. ഓഫീസ് സൂപ്രണ്ട് വി.പി. ശിവകുമാറിനെ അറിയിക്കുകയും അക്കൗണ്ടിലേക്ക് പണം കൈമാറുകയും ചെയ്തു. ശിവകുമാർ ചാത്തന്നൂർ എ.സി.പി ജോർജ് കോശിയെ വിവരമറിയിക്കുകയും കൊട്ടിയം ജംഗ്ഷനിൽ ലോക്ക് ഡൗൺ ഡ്യൂട്ടിയിലായിരുന്ന എ.സി.പിക്ക് സ്ഥലത്തെത്തി തുക കൈമാറുകയുമായിരുന്നു.
ലോക്ക് ഡൗൺ ആയതിനാൽ ഇത്തവണത്തെ അവധിക്കാലത്ത് കേരളത്തിലേക്ക് വരാൻ കഴിഞ്ഞില്ലെന്നും അടുത്ത വർഷം അവധിക്ക് വരുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണാൻ അതിയായ ആഗ്രഹമുണ്ടെന്നും പ്രിയാഞ്ചി പറഞ്ഞു. ഡോംബിവില്ലി (വെസ്റ്റ്) എസ്.എച്ച് ജോണ്ടലേ വിദ്യാമന്ദിർ ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് പ്രിയാഞ്ചി.