abhimanyu-2

തൊടിയൂർ: നാക്കുകൊണ്ട് ചിത്രം വരച്ച് ഏഷ്യൻ റെക്കാഡിൽ ഇടം നേടിയ അച്ഛന്റെ മകൻ ആറര വയസിനിടെ വരച്ചുകൂട്ടിയത് 2,330 ചിത്രങ്ങൾ. പേര് എ.എസ്. അഭിമന്യു. കരുനാഗപ്പള്ളി ലോഡ്സ് പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി. ഇതേ സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായ അനി വർണത്തിന്റെയും പടനായർകുളങ്ങര വടക്ക് വർണമയൂഖത്തിൽ സുമിതയുടെയും മകനാണ് ഈ കുരുന്നു പ്രതിഭ.

നൈസർഗിക വാസനയും പാരമ്പര്യവും ഒത്തുചേർന്ന അഭിമന്യുവിന്റെ രചനകൾക്ക് വിഷയമാകുന്നത് മനുഷ്യർ, പ്രകൃതി ദൃശ്യങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, വൃക്ഷങ്ങൾ, നദികൾ എന്നിവയൊക്കെയാണ്. വാട്ടർ കളർ, ഓയിൽ പെയിന്റ്, കളർ പെൻസിലിംഗ്, ഗ്ലാസ് പെയിന്റ്, ക്രയോൺസ് തുടങ്ങിയ ഏത് സങ്കേതവും ഈ കുഞ്ഞുകൈകൾക്കു വഴങ്ങും.

അച്ഛൻ നടത്തുന്ന ചിത്രരചനാ പരിശീലന കേന്ദ്രത്തിലെത്തുന്ന അഭിമന്യു കുഞ്ഞുന്നാളിലേ വരകളും വർണങ്ങളും ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു. നടന്നുതുടങ്ങിയ പ്രായത്തിലേ വീടിന്റെ ചുമരിലും കിട്ടുന്ന എന്തിലും ചിത്രങ്ങൾ കോറിയിട്ടു. സ്കൂൾ തലത്തിൽ നിരവധി സമ്മാനങ്ങളും രാജേന്ദ്രൻ ഫൗണ്ടേഷൻ അവാർഡും ലഭിച്ചിട്ടുണ്ട്. ചിത്രങ്ങളുടെ ഒരു പ്രദർശനം ഒരുക്കണമെന്നാണ് ഈ കുഞ്ഞു മനസിലെ വലിയ ആഗ്രഹം. 2016ലാണ് അനി വർണം നാക്കുകൊണ്ട് ചായം ചാലിച്ച് ചിത്രം വരച്ച് ഏഷ്യൻ റെക്കാഡ് ഫാറത്തിൽ ഇടം നേടിയത്.

ചിത്രകലയിൽ പ്രത്യേക പരിശീലനമൊന്നും നൽകിയിട്ടില്ല. നൈസർഗിക വാസനയാകാം അവന്റെ പ്രചോദനം. ഞാൻ വരയ്ക്കുന്നത് കുഞ്ഞുന്നാൾ മുതൽ അവൻ നോക്കിക്കാണുമായിരുന്നു.

-അനി വർണം