subaida
ചായക്കടയിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന സുബൈദ

കൊല്ലം: പൊന്നുപോലെ ഓമനിച്ച് വളർത്തിയ രണ്ട് ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പോർട്ട് കൊല്ലം സ്വദേശിയായ വീട്ടമ്മ മാതൃകയായി. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് എതിർവശം സംഗമം നഗർ 77ൽ വാടകയ്ക്ക് താമസിക്കുന്ന സുബൈദ (60)യാണ് കുടുംബത്തിന്റെ വരുമാന മാർഗം കൂടിയായ ആടുകളെ വിറ്റ് കൊവിഡ് പ്രതിരോധത്തിൽ പങ്കാളിയായത്.

വീടിനോട് ചേർന്ന് ചായക്കട നടത്തിയാണ് സുബൈദയും ഭർത്താവ് അബ്ദുൽ സലാമും ഉൾപ്പെടുന്ന കുടുംബം ജീവിക്കുന്നത്. ഇവിടെ നിന്ന് കാര്യമായ വരുമാനം ലഭിക്കാത്തതിനാലാണ് ആടുകളെ വളർത്താൻ ആരംഭിച്ചത്. കൊവിഡുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം എല്ലാ ദിവസവും സുബൈദ കാണുമായിരുന്നു. കുട്ടികൾ വിഷുക്കൈനീട്ടം കൊവിഡ് പ്രതിരോധത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത് പത്രങ്ങളിൽ നിന്ന് വായിച്ചതോടെയാണ് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉടലെടുത്തത്. എന്നാൽ തന്റെ തുച്ഛമായ വരുമാനത്തിലൂടെ ഇത് സാധ്യമല്ലെന്ന് ബോധ്യമായതോടെ ആടുകളെ വിൽക്കുകയായിരുന്നു.

കിട്ടിയ തുകയിൽ നിന്ന് അയ്യായിരം രൂപയുമായി കഴിഞ്ഞ ദിവസം രാവിലെ സുബൈദ കളക്ടറെ കാണാൻ പോയി. എന്നാൽ അദ്ദേഹം അവിടെ ഇല്ലാതിരുന്നതിനാൽ ഉച്ചവരെ കാത്തിരുന്ന് പണം കൈമാറിയതിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

അയ്യായിരം നൽകിയത് കൊണ്ട് താൻ തൃപ്തയല്ലെന്നാണ് സുബൈദ പറയുന്നത്. വരുമാനത്തിന്റെ ചെറിയൊരു ഭാഗം നീക്കിവച്ച് ഇനിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനാണ് തീരുമാനം.