police

കൊല്ലം: കുളത്തൂപ്പുഴയിൽ എസ്.ഐ അടക്കം ആറ് പൊലീസുകാരെ കൊവിഡ് നിരീക്ഷണത്തിലാക്കി. കുളത്തൂപ്പുഴയിൽ രോഗം സ്ഥിരീകരിച്ചയാളെ നേരത്തെ ലോക്ക് ഡൗൺ ലംഘിച്ച് കറങ്ങി നടന്നതിന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്.ഐയെയും അഞ്ച് സിവിൽ പൊലീസ് ഓഫീസർമാരെയുമാണ് ഗൃഹ നിരീക്ഷണത്തിലാക്കിയത്.

കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനും ലോക്കപ്പും ഫയർഫോഴ്സ് എത്തി അണുവിമുക്തമാക്കിയിട്ടുണ്ട്. കുളത്തൂപ്പുഴയിൽ ഇതിനകം മൂന്ന് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യം രോഗം സ്ഥിരീകരിച്ച യുവാവുമായി അടുത്ത് ഇടപഴകിയ അമ്പത്തൊന്നുകാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.

ഇയാളെ കയറ്റിയ ജീപ്പിൽത്തന്നെ പെരുവഴിക്കാല കോളനിയിലെ താമസക്കാരനായ യുവാവിനെയും കയറ്റിയിരുന്നു. ചെക്ക് പോസ്റ്റിനടുത്തെത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതാണ്. അമ്പത്തൊന്നുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ യുവാവിനെയും കോളനിവീട്ടിൽ നിരീക്ഷണത്തിലാക്കി. കോളനിയുടെ അകത്തേക്കും പുറത്തേക്കും ആരും ഇറങ്ങരുതെന്നാണ് പൊലീസ് നിർദ്ദേശം. കുളത്തൂപ്പുഴയിൽ രണ്ടാമത് രോഗം സ്ഥിരീകരിച്ച വയോധികയുടെ സമ്പർക്കപട്ടികയിലുള്ള മകളും കൊച്ചുമകളുമടക്കം നിരവധിപേരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം വരാനുണ്ട്. കൊവിഡ് രോഗികളുമായി സമ്പർക്കം നടത്തിയവരുടെ എണ്ണം കൂടുതലായതിന്റെ ആശങ്കയിലാണ് ആരോഗ്യ വകുപ്പ്.