കൊല്ലം: ബാലരാമപുരത്ത് നിന്നെത്തിയ നാലംഗ കുടുംബവും സഹായിയും കുളത്തൂപ്പുഴയിലെത്തി, തമിഴ്നാട്ടിലേക്ക് പോകാനിറങ്ങിയ സംഘം പൊലീസിനെ ധർമ്മസങ്കടത്തിലാക്കി. തേനി സ്വദേശികളായ നാലംഗ കുടുംബം ബാലരാമപുരത്ത് മുറക്ക് കച്ചവടം നടത്തിയാണ് ജീവിച്ചുവരുന്നത്. ലോക്ക് ഡൗൺ ആയതിനാൽ നാട്ടിലേക്ക് മടങ്ങിപ്പോകാനും കഴിഞ്ഞില്ല. തമിഴ്നാട് സ്വദേശിയായ ഷാരൂഖ് ഖാൻ എന്ന യുവാവ് ഇവരെ സമീപിക്കുകയും ആര്യങ്കാവിലെത്തിയാൽ ലോറിയിൽ കൊണ്ടുപോകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുറുക്ക് വ്യാപാരി ഭാര്യയെയും രണ്ട് മക്കളെയും കൂട്ടി ഷാരൂഖ് ഖാനൊപ്പം രണ്ട് ബൈക്കുകളിൽ യാത്രതിരിച്ചത്.
ഊടുവഴികളിൽക്കൂടി കുളത്തൂപ്പുഴയ്ക്ക് അടുത്തെത്തിയപ്പോൾ പൊലീസ് കൈ കാണിച്ചെങ്കിലും നിർത്തിയില്ല. പൊലീസ് കുളത്തൂപ്പുഴ ടൗണിൽ ഇവരെ പിടികൂടാനായി സജ്ജമായെങ്കിലും ഫലമുണ്ടായില്ല. എന്നാൽ മറ്റൊരു വഴിയിലൂടെ വനാതിർത്തിയിലെ ചെക്ക് പോസ്റ്റിൽ എത്തിയ ഇവരെ പൊലീസ് തടഞ്ഞു. തമിഴ്നാട്ടിലേക്ക് പോകാനിറങ്ങിയതാണെന്ന് അറിയിച്ചതോടെ പറ്റില്ലെന്നായി പൊലീസ്. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ കടത്തിവിടാൻ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ബൈക്കുകളും അതിർത്തി കടത്തി വിടുകയും ചെയ്തു.
എന്നാൽ കേരളത്തിൽ നിന്നും വന്നവർ ആയതിനാൽ തമിഴ്നാട് പൊലീസ് തടഞ്ഞു. കടത്തിവിടില്ലെന്ന് നിർബന്ധം കാട്ടിയതോടെ നാലംഗ കുടുംബം തിരികെ വനാതിർത്തിയിൽ എത്തി. ഒടുവിൽ ബാലരാമപുരത്തേക്ക് തന്നെ പോകാനും ഗൃഹനിരീക്ഷണത്തിലാക്കാനും നിർദ്ദേശം നൽകി. ഇവർ താമസിക്കുന്ന സ്ഥലത്ത് കൊവിഡ് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. തമിഴ്നാട്ടിൽ പോയി വന്നതിനാൽ കനത്ത ജാഗ്രതയ്ക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.