t
കിലോ വിൽപ്പന വേണ്ട: ഹാർബറുകളിൽ മത്സ്യലേലത്തിന് മുറവിളി

 മത്സ്യം പൂർണമായി വിറ്റുപോകുന്നില്ല

കൊല്ലം: ലോക്ക് ഡൗണിന് ശേഷവും ഹാർബറുകളിൽ ലേലം ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ബോട്ടുടമകൾ. ഇപ്പോഴത്തേത് പോലെ കിലോയ്ക്ക് നിശ്ചിത നിരക്കിൽ വില്പന തുടർന്നാൽ തങ്ങൾ കടക്കെണിയിലാകുമെന്നാണ് ബോട്ടുടമകളുടെ വാദം. ഹാർബറുകളിലെത്തുന്ന മത്സ്യത്തിന്റെ അഞ്ച് ശതമാനം പോലും സംഭരിക്കാനുള്ള സൗകര്യം മത്സ്യഫെഡിനില്ല.

ഇപ്പോൾ കടലിൽ പോകുന്ന വിരലിലെണ്ണാവുന്ന വള്ളങ്ങളും ബോട്ടുകളും എത്തിക്കുന്ന

മത്സ്യം പോലും പൂർണമായും വിറ്റുപോകുന്നില്ല. വാങ്ങാൻ ആളില്ലാത്തതിനാൽ അവസാനമെത്തുന്ന മത്സ്യം ഉണക്കമീൻ നിർമ്മാണത്തിന് തുച്ഛമായ വിലയ്ക്ക് നൽകേണ്ട അവസ്ഥയാണ്. ഇപ്പോൾ കടലിൽ പോകുന്ന 32 അടി നീളമുള്ള ബോട്ടുകൾക്ക് ഡീസൽ ചെലവും തൊഴിലാളികളുടെ കൂലിയും സഹിതം 20000 രൂപയാണ് ഏകദേശ ചെലവ്. മത്സ്യം ഉണക്കമീൻ കച്ചവടക്കാർക്ക് കൊടുത്താൽ ചെലവിന്റെ പകുതി പോലും കിട്ടില്ല. ഇപ്പോൾ ഏകദേശം 20 ടണ്ണിൽ താഴെ മത്സ്യമാണ് ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ ലഭിക്കുന്നത്. ബോട്ടുകൾ എല്ലാം പോകുന്നതോടെ എത്തുന്ന മത്സ്യം ശരാശരി 100 ടണ്ണായി ഉയരും. 20 ടൺ മത്സ്യം വിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ 100 ടൺ എങ്ങനെ വിൽക്കുമെന്നും ബോട്ടടുമകൾ ചോദിക്കുന്നു.

ഇപ്പോൾ വളരെ കുറച്ച് ബോട്ടുകളും വള്ളങ്ങളും പോകുന്നത് കൊണ്ടാണ് ഇവർക്ക് കാര്യമായി മത്സ്യം ലഭിക്കുന്നത്. എല്ലാവരും പോയിത്തുടങ്ങുന്നതോടെ കിട്ടുന്ന മത്സ്യത്തിന്റെ അളവ് കുറയും. അപ്പോൾ കിലോ നിരത്തിൽ കച്ചവടം തുടർന്നാൽ എല്ലാബോട്ടുകളും വള്ളങ്ങളും പ്രതിസന്ധിയിലാകുമെന്നും ബോട്ടുടമകൾ പറയുന്നു.

''

ലോക്ക് ഡൗൺ കാലത്ത് പോലും കൂടുതൽ മത്സ്യം ശേഖരിക്കാൻ മത്സ്യഫെഡിന് കഴിയുന്നില്ല. നിയന്ത്രണങ്ങൾ മാറുമ്പോൾ കിലോക്കണക്കിന് മത്സ്യം വിൽക്കാൻ തീരുമാനിച്ചാൽ കൂട്ടത്തോടെ നശിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകും.

ബോട്ടുടമകൾ

ശക്തികുളങ്ങര, നീണ്ടകര ഹാർബർ

ഇപ്പോൾ ലഭിക്കുന്ന മത്സ്യം (ദിവസം)

20 ടൺ

എല്ലാ ബോട്ടുകളും പോകുമ്പോൾ

100 ടൺ

മത്സ്യഫെഡ് സംഭരിക്കുന്നത്

5 % താഴെ

ഒരുബോട്ടിന്റെ ചെലവ്: 20,000 രൂപ