പുനലൂർ: നിർദ്ധനർക്ക് സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളിൽ തൂക്ക കുറവ് കണ്ടതിനെ തുടർന്ന് മന്ത്രി കെ. രാജു ഉദ്യോഗസ്ഥരെ ശകാരിച്ചു. പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ താത്കാലിക പാക്കിംഗ് സെന്ററിൽ അപ്രതീക്ഷിതമായി എത്തിയ മന്ത്രി സാധനങ്ങൾ പരിശോധിച്ച ശേഷം പാക്കറ്റുകൾ തൂക്കി നോക്കിയപ്പോൾ അളവിൽ കുറവ് അനുഭവപ്പെട്ടു. ഉദ്യോഗസ്ഥരെ ശാസിച്ച മന്ത്രി ഭക്ഷ്യധാന്യങ്ങൾ നിറച്ച പാക്കറ്റുകൾ പൊട്ടിച്ച് കൃത്യമായ അളവിൽ തൂക്കി നിറയ്ക്കണമെന്നും തൂക്കം കുറരുതെന്നും കർശന നിർദ്ദേശവും നൽകി. പുനലൂർ നഗരസഭാ അതിർത്തിയിലെ 6000ത്തോളം പിങ്ക് കാർഡ് ഉടമകൾക്ക് റേഷൻ കടകൾ വഴി ഇന്ന് മുതൽ സൗജന്യമായി വിതരണം ചെയ്യുന്ന 17 ഇനങ്ങൾ ഉൾപ്പെട്ട ഭക്ഷ്യധാന്യ കിറ്റുകളിലെ തൂക്കക്കുറവാണ് മന്ത്രിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടത്.