d
ഇളവുകൾ വന്നെങ്കിലും: തൊഴിലാളി കുടുംബങ്ങളുടെ ദുരിതത്തിനിളവില്ല!

 ജീവൻ രക്ഷാ മരുന്നിനുപോലും കൈയിൽ പണമില്ല

ദിവസ വരുമാനം

400

മുതൽ

500 രൂപ

കൊല്ലം: ലോക്ക് ഡൗണിന് ജില്ലയിൽ ഇളവുകൾ വന്നെങ്കിലും ഒരു മാസത്തിലേറെയായി ജോലിയും കൂലിയും നിലച്ച തൊഴിലാളി കുടുംബങ്ങളുടെ പ്രതിസന്ധി മാറുന്നില്ല. ഒരാഴ്ച തുടർച്ചയായി ജോലി കിട്ടാതായാൽ ബുദ്ധിമുട്ടിലാകുന്ന കുടുംബങ്ങളിൽ ഒരു മാസമായി വരുമാനം നിലച്ചതിന്റെ കെടുതികൾ അതി രൂക്ഷമാണ്.

നിർമ്മാണ തൊഴിലാളികൾ, മരപ്പണിക്കാർ, മരം കയറ്റ തൊഴിലാളികൾ, ആട്ടോറിക്ഷ- ടാക്‌സി ഡ്രൈവർമാർ, സ്വകാര്യ ബസ് തൊഴിലാളികൾ, ചെറിയ വ്യാപാര കേന്ദ്രങ്ങളിലെയും ഹോട്ടലുകളിലെയും തൊഴിലാളികൾ, വീട്ടു ജോലിക്കാർ, മറ്റ് അസംഘടിത മേഖലയിലെ തൊഴിലാളികൾ തുടങ്ങിയവർ ദിവസ വരുമാനം കൊണ്ട് ജീവിക്കുന്നവരാണ്.

ചിലരൊക്കെ ശനിയാഴ്ച തോറും ശമ്പളം ഒരുമിച്ച് വാങ്ങാറുണ്ടെങ്കിലും എല്ലാ ദിവസവും വൈകിട്ട് കൂലി വാങ്ങുന്നതാണ് ഭൂരിപക്ഷത്തിന്റെയും പതിവ്. വൈകുന്നേരത്തെ ഈ കൂലിയാണ് ഇവരുടെ ജീവിതത്തെ നിയന്ത്രിക്കുന്നത്. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ, പച്ചക്കറി, മത്സ്യം, മക്കൾക്ക് പലഹാരങ്ങൾ, മരുന്ന് തുടങ്ങി എല്ലാം വാങ്ങുന്നതാണ് ആയിരം രൂപയിൽ താഴെ ലഭിക്കുന്ന കൂലിയിൽ നിന്നാണ്. പലർക്കും ദിവസ വരുമാനം 400 മുതൽ 500 രൂപ വരെ മാത്രമാണ്.

മരുന്നായാലും അടുക്കള സാധനങ്ങളായാലും ഒരു മാസത്തേക്കുള്ളത് വാങ്ങി സൂക്ഷിക്കുന്ന പതിവ് മിക്കവർക്കും ഇല്ല. സൗജന്യ റേഷനും കുറെയധികം പേർക്ക് പലവ്യഞ്ജന കിറ്റുകളും ലഭിച്ചെങ്കിലും കൈയിൽ പണമില്ലാത്തതിന്റെ അരക്ഷിത ബോധം അനുഭവിക്കുകയാണിവർ. നിയന്ത്രണങ്ങളിൽ ഇളവ് വന്നെങ്കിലും തൊഴിലിടങ്ങൾ പൂർണമായി സജീവമായിട്ടില്ല. പ്രതിസന്ധി കാലം മാറി എന്നത്തേക്ക് തൊഴിലിടങ്ങൾ പൂർണമായി പ്രവർത്തന സജ്ജമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ജീവൻ രക്ഷാ മരുന്നുകൾ പോലും വാങ്ങാൻ ഗതിയില്ലാതെ വലയുകയാണ് പല കുടുംബങ്ങളും.