കൊല്ലം: ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ച ശാസ്താംകോട്ടയിലെ ഏഴ് വയസുകാരിയുടെ അമ്മ അടക്കം ഏഴ് ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന ഇവരെ ഇന്നലെ വീട്ടിലേക്ക് മടക്കി അയച്ചു.
പെൺകുട്ടിയുടെ 13 ബന്ധുക്കളെയാണ് ആശുപത്രികളിൽ നിരീക്ഷണത്തിലാക്കിയത്. ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന നാലുപേരുടെ പരിശോധനാ ഫലം ഇന്ന് വന്നേക്കും. പെൺകുട്ടിയുമായി ഏറ്റവും അധികം അടുത്ത് ഇടപഴകയിട്ടുള്ള എട്ട് മാസം ഗർഭിണിയായ അമ്മയ്ക്ക് രോഗം ഇല്ലാത്തത് വലിയ ആശ്വാസം പകരുന്നു. ഷാർജയിൽ ഭർത്താവിനൊപ്പം കഴിഞ്ഞിരുന്ന യുവതിയും മകളും കഴിഞ്ഞമാസം 18നാണ് സ്വദേശമായ കണ്ണനല്ലൂരിലെത്തിയത്. 28 ദിവസത്തെ ഗൃഹനിരീക്ഷണം പൂർത്തിയാക്കിയ ശേഷം ആരോഗ്യ വകുപ്പിന്റെ അനുമതിപത്രത്തോടെയാണ് ശാസ്താംകോട്ടയിലെ ഭർത്തൃഗൃഹത്തിലെത്തിയത്. മൂന്നുദിവസം മുമ്പ് പെൺകുട്ടിക്ക് പനി ബാധിച്ചതോടെയാണ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചത്. അന്ന് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയിട്ട് 35-ാം ദിവസമായിരുന്നു.