photo
ഡോ.മാതാ ഗുരുപ്രിയ

'' ഈശ്വരനെ അന്വേഷിച്ച് ആരും എവിടേക്കും പോകേണ്ട, അവരവരുടെ ഉള്ളിൽ തന്നെയാണ് ഈശ്വരനുള്ളത്. അധരംകൊണ്ടല്ല, ഹൃദയം കൊണ്ടാണ് പ്രാർത്ഥിക്കേണ്ടത് '' - ഡോ. മാതാ ഗുരുപ്രിയ

അനേകായിരങ്ങൾക്ക് ആത്മജ്ഞാനത്തിലൂടെ സ്നേഹവും സാന്ത്വനവും ആത്മവിശ്വാസവും പകരുന്ന മാതാ ഗുരുപ്രിയയ്ക്ക് ഇന്ന് അറുപത്തൊമ്പതാം പിറന്നാൾ. കൊവിഡ് കാലത്തിന്റെ ദുരിതങ്ങളിൽ നിന്ന് മനുഷ്യരാശിയെ മോചിപ്പിക്കാൻ പ്രാർത്ഥനയിലാണ് അമ്മ. ശ്രീനാരായണ ഗുരുദേവ സന്ദേശങ്ങളുടെ തണലിലാണ് അമ്മയുടെ ആത്മീയ പ്രവർത്തനങ്ങൾ. താൻ ദൈവമാണെന്നോ തന്നിൽ ദൈവാംശം അലിഞ്ഞുചേർന്നിട്ടുണ്ടെന്നോ മാതാ ഗുരുപ്രിയ ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാൽ അമ്മയുടെ അടുത്തെത്തുന്നവർ ശരിക്കും അതനുഭവിച്ചറിയും.

അമ്മയുടെ ഓരോ വാക്കും ഇരുളിലും പ്രകാശമായി തീരുന്നു. പരാജയത്തിന്റെ കാരണം തേടാനും തിരുത്താനും തയ്യാറായാൽ വിജയത്തിലെത്താം. അതിന് ഒരു അമ്മയുടെ കരുതലും സ്നേഹവും സാന്ത്വനവും ആവശ്യമാണ്. ആ തിരിച്ചറിവിലേക്ക് എത്തുന്നവർ കൊട്ടാരക്കര വെട്ടിക്കവലയിലെ ഗുരുപ്രിയ മഠത്തിലേക്ക് എത്തിച്ചേരുകയാണ്. അമ്മയുടെ അനുഗ്രഹ വാക്കുകൾക്ക് കാതോർക്കാൻ കടലിനക്കരെയും ഒരുപാടുപേരുണ്ട്. കൊവിഡിന്റെ ദുരിതങ്ങളിൽ വീർപ്പുമുട്ടുന്ന മക്കളോടെല്ലാം മനസിലെ അഴുക്കുകൾ നീക്കിക്കളഞ്ഞ് കളങ്കമില്ലാത്ത പ്രാർത്ഥന നടത്താനാണ് അമ്മ ഉപദേശിക്കുന്നത്.

മേടത്തിലെ തിരുവാതിര നക്ഷത്രം

മേടമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഡോ. മാതാ ഗുരുപ്രിയ ജനിച്ചത്. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് മടവൂർപള്ളിക്ക് സമീപത്തെ പൊയ്കവിള വീട്ടിൽ ഭാസ്കരന്റെയും പ്രേമവല്ലിയുടെയും അഞ്ചാമത്തെ മകളായ രത്നമണി ലോകം അംഗീകരിച്ച ഡോ. മാതാ ഗുരുപ്രിയയായി മാറിയതിന് പിന്നിൽ ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹ കടാക്ഷമുണ്ട്. ചെറിയ പ്രായത്തിൽ വീട്ടിൽ ഭിക്ഷക്കെത്തുന്നവർക്ക് അന്നവും വസ്ത്രവും നൽകിയ ശേഷമേ നാണയത്തുട്ടുകൾ നൽകാറുള്ളു. പത്താംക്ളാസ് വരെ പഠിച്ചു. പഠനവേളയിൽ ഇല്ലായ്മകൾ മറന്ന് കൂട്ടുകാർക്ക് സഹായങ്ങൾ ചെയ്തു. പിന്നീട് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നു. വെട്ടിക്കവല ഗവ. ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്ന എം.പി. നാണു രത്നമണിയെ വിവാഹം ചെയ്തതോടെ സേവനരംഗം ഇവിടേക്ക് മാറ്റിയത്. 1999ൽ എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിലെ വനിതാസംഘം സെക്രട്ടറിയായി. ശ്രീനാരായണ ഗുരുദേവനിലേക്ക് കൂടുതൽ അടുക്കാൻ അവസരമൊരുങ്ങിയത് അങ്ങിനെയാണ്. എട്ടുമാസം മാത്രമാണ് ഭാരവാഹിയായി പ്രവർത്തിച്ചത്. ആ വേളയിൽ ഒരു ദിവസം പുലർച്ചെ നാലോടെ ശ്രീനാരായണ ഗുരുദേവൻ തനിക്ക് സ്വപ്ന ദർശനം നൽകിയെന്നാണ് രത്നമണി പറയുന്നത്.

2002ൽ ഭർത്താവിന്റെ മരണത്തോടെ കൂടുതൽ സമയവും ആത്മീയകാര്യങ്ങളിൽ മുഴുകി. സന്യാസ ജീവിതത്തിലേക്ക് കടക്കാൻ ഗുരുദേവൻ വീണ്ടും സ്വപ്നത്തിലെത്തി ആവശ്യപ്പെട്ടു. പറവൂർ ശ്രീധരൻ തന്ത്രിയെ കണ്ട് അഷ്ടമംഗല ദേവപ്രശ്നം നടത്തിയപ്പോൾ ഗുരുധർമ്മ പ്രചാരണത്തിനുള്ള നിയോഗം തെളിഞ്ഞു. തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ പരവൂർ ശ്രീധരൻ തന്ത്രിയിൽ നിന്ന് 2004 ജനുവരി 14ന് മന്ത്രദീക്ഷ സ്വീകരിച്ചു. മാതാ ഗുരുപ്രിയ എന്ന നാമം സ്വീകരിച്ചു. ലോകമെമ്പാടും ആത്മീയ പ്രഭാഷണങ്ങൾ നടത്തുകയും നന്മയ്ക്കായി പ്രവർത്തിക്കുകയും ചെയ്തപ്പോഴാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചത്.

പ്രായശ്ചിത്ത പ്രാർത്ഥന

കൊവിഡിന്റെ പശ്ചാത്തലത്തിൽ പിറന്നാൾ ആഘോഷങ്ങളുടെ വിശേഷാൽ ചടങ്ങുകൾ ഒഴിവാക്കി. വെട്ടിക്കവല ഗുരുപ്രിയ മഠത്തിൽ രാവിലെ ഗുരുപൂജയ്ക്ക് ശേഷം ലോകരക്ഷാർത്ഥം അമ്മ പ്രായശ്ചിത്ത പ്രാർത്ഥന നടത്തും. ഈശ്വര വിശ്വാസികൾ അവരവരുടെ വീട്ടിലിരുന്ന് പ്രായശ്ചിത്ത പ്രാർത്ഥന നടത്തണം. 'മനസാ വാചാ കർമ്മണാ ഈ ജന്മമോ മുൻ ജന്മങ്ങളിലോ അറിഞ്ഞോ അറിയാതെയോ ഈശ്വര ഹിതമല്ലാത്ത എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ചെയ്തുപോയിട്ടുണ്ടെങ്കിൽ മാപ്പ് തരണേ ദൈവമേ... കൊവിഡിന്റെ പിടിയിൽ നിന്നു്ലോക ജനതയെ മോചിപ്പിക്കേണമേ... സർവശക്തനായ ദൈവമേ അങ്ങ് അറിയാതെയല്ലല്ലോ ഈ പ്രതിഭാസം. ഇനിയും ഞങ്ങളെ പരീക്ഷിക്കല്ലേ, ഇനി ഞങ്ങളെ ശിക്ഷിക്കല്ലേ, ഈ ദുരന്തം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായി. ദൈവമേ, ഞങ്ങൾക്ക് മാപ്പ് തന്ന് രക്ഷിക്കണേ.. ഞങ്ങളുടെ ഹൃദയ കമലങ്ങളെ അങ്ങയുടെ പാദാരവൃന്ദങ്ങളിൽ സമർപ്പിക്കുന്നു. സർവേശ്വരാ മാപ്പ് തന്ന് രക്ഷിക്കൂ, ഞങ്ങൾക്ക് മാപ്പ് തരൂ...'

സഫലമീ ജന്മയാത്ര

ഗുരുപ്രിയ ടി.വിയിൽ (യൂടൂബ് ചാനൽ) ഇന്ന് രാവിലെ 10 മുതൽ ഡോ. മാതാ ഗുരുപ്രിയയുടെ ജന്മദിനവുമായി ബന്ധപ്പെട്ട 'സഫലമീ ജന്മയാത്ര' എന്ന പ്രത്യേക പരിപാടി ഉണ്ടായിരിക്കും. ലോക ജനതയ്ക്കായി അമ്മ പിറന്നാൾ സന്ദേശം നൽകും.