vinod

കൊല്ലം പടിഞ്ഞാറേകല്ലട: അമ്മയ്ക്കു മരുന്നു വാങ്ങാൻ ബൈക്കിൽ മെഡിക്കൽ സ്റ്റോറിലേക്ക് പോയ യുവാവ് പിന്നിലേക്കെടുത്ത ടിപ്പർ ലോറി കയറി മരിച്ചു. പടിഞ്ഞാറേകല്ലട പഞ്ചായത്ത് ഓഫീസിനു സമീപം ഒടിയിൽ വീട്ടിൽ (വിനോദ് ഭവനം) പരേതനായ സതീശൻ പിള്ളയുടെയും തങ്കമണിയുടെയും മകൻ വിനോദാണ് (37) ദാരുണമായി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ വീടിന് സമീപത്തുവച്ചായിരുന്നു അപകടം. ശാസ്താംകോട്ട ബ്ലോക്ക് ഓഫീസിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറാണ് വിനോദ്.

കാരാളിമുക്ക് ഭാഗത്തേക്ക് മെറ്റലുമായി പോയ ടിപ്പർ ലോറി പൊലീസ് പരിശോധനയുണ്ടെന്നറിഞ്ഞ് പെട്ടെന്ന് നിറുത്തിയ ശേഷം വേഗത്തിൽ പിന്നോട്ടെടുക്കുകയായിരുന്നു. ഈ സമയം ബൈക്കിൽ പിന്നാലെയുണ്ടായിരുന്ന വിനോദിന് ഒഴിഞ്ഞുമാറാൻ കഴിയുന്നതിനുമുന്നേ ലോറിയുടെ അടിയിൽപ്പെട്ടു. വിനോദ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ടിപ്പർ ഡ്രൈവർ അഖിൽ ഓടി രക്ഷപ്പെട്ടു. ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി ജാക്കി ഉപയോഗിച്ച് ലോറി ഉയർത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ആതിര. മക്കൾ: അനിരുദ്ധ് (7), അഖില (1).