കൊല്ലം: കുടുംബകലഹത്തിനിടെ സംഭവിച്ച വൃദ്ധയുടെ മരണം, സ്വാഭാവിക മരണമായി ചിത്രീകരിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മകളും ചെറുമകനും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ അറസ്റ്റിലായി. പരവൂർ പുത്തൻകുളം പറമ്പക്കുളം കല്ലുവിള വീട്ടിൽ കൊച്ചുപാർവതിയെ (88) കൊലപ്പെടുത്തിയെന്ന കേസിൽ മകൾ ശാന്തകുമാരി (64), ഇവരുടെ മകൻ സന്തോഷ് (43) എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചുപാർവതിയും ശാന്തകുമാരിയും തമ്മിൽ സ്ഥിരമായി വഴക്കിടുമായിരുന്നു. പതിവുപോലെ 22ന് രാവിലെ ഇരുവരും വഴക്കുതുടങ്ങി. കൊച്ചുപാർവതി ഇടയ്ക്കിടെ ബന്ധുവീടുകളിൽ പോകുന്നതിനെ ചൊല്ലിയായിരുന്നു വഴക്ക്. സ്ഥിരം സംഭവമായതിനാൽ അയൽക്കാർ ഇടപെട്ടില്ല. വൈകിട്ട് ശാന്തകുമാരി ചായ കൊടുത്തപ്പോൾ കൊച്ചുപാർവതി ഗ്ലാസോടെ വലിച്ചെറിഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ കൈയാങ്കളിയായി. നിലവിളി കേട്ട് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സന്തോഷ് എത്തിയപ്പോൾ ശാന്തകുമാരിയെ കൊച്ചുപാർവതി പാത്രം കൊണ്ട് അടിക്കുന്നതാണ് കണ്ടത്. ഇതോടെ വഴക്ക് കൊച്ചുപാർവതിയും സന്തോഷും തമ്മിലായി. വഴക്കുമൂത്ത് സന്തോഷ് കൊച്ചുപാർവതിയെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോകവെ തല ഭിത്തിയിലിടിച്ച് ബോധരഹിതയായി. തുടർന്ന് ഇരുവരും ചേർന്ന് വൃദ്ധയെ കട്ടിലിൽ കിടത്തി.
പുലർച്ചെ നോക്കിയപ്പോൾ വൃദ്ധ മരിച്ചിരുന്നു. ഇതോടെ മകളും ചെറുമകനും ചേർന്ന് വൃദ്ധ മരിച്ചുകിടക്കുന്നതായി ബന്ധുക്കളെ അറിയിച്ചു. വഴക്കിന്റെ കാര്യങ്ങളെല്ലാം മറച്ചുവച്ച് ഹൃദയസ്തംഭനമാകാം മരണകാരണമെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചു. സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ രഹസ്യവിവരത്തെ തുടർന്ന് പരവൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പൊലീസ് എത്താൻ 10 മിനിട്ട് വൈകിയിരുന്നെങ്കിൽ മൃതദേഹം ദഹിപ്പിക്കുമായിരുന്നു.
കൊവിഡ് പരിശോധനയ്ക്കു ശേഷം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മകളും ചെറുമകനും ഭാവഭേദമില്ലാതെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ ശനിയാഴ്ച മകളെയും ചെറുമകനെയും കസ്റ്റഡിയിലെടുത്തു. ഇരുവരും ചോദ്യം ചെയ്യലിൽ സത്യം വെളിപ്പെടുത്തുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.