exi
തെന്മല പഞ്ചായത്തിലെ ചാലിയക്കര എസ്റ്റേറ്റ് ക്വാട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന കോട യും വാറ്റ് ഉപകരണങ്ങളും എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ

പുനലൂർ: വിദേശത്ത് നിന്ന് നാട്ടിലെത്തിയ ശേഷം ക്വാറന്റൈനിൽ കഴിയുന്നതിനിടെ രാത്രി കാലങ്ങളിൽ വ്യാജവാറ്റ് നടത്തിയ പ്രവാസി യുവാവ് ഒളിവിൽ. ഇയാളുടെ പിതാവിന്റെ ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന 500 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. കറവൂർ സ്വദേശിയും പ്രവാസിയുമായ ഷൈജു പിതാവിന്റെ ആൾത്താമസമില്ലാത്ത ചാലിയക്കര എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ ബാരലുകളിൽ സൂക്ഷിച്ചിരുന്ന കോടയാണ് കഴിഞ്ഞദിവസം എക്സൈസ് പിടികൂടിയത്.

ഒന്നര മാസം മുമ്പ് ദുബായിൽ നിന്നെത്തിയ ഷൈജുവിനെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിനിടെ സുഹൃത്തുക്കളുമൊത്ത് രാത്രി കാലങ്ങളിൽ ചാലിയക്കരയിലെ ക്വാർട്ടേഴ്സിൽ സ്ഥിരമായി വന്നുപോകുന്നത് സമീപവാസികളായ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടു. ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് ചാരായവാറ്റും വില്പനയും നടക്കുന്നത് മനസിലാക്കിയ നാട്ടുകാർ പുനലൂരിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. നസീമുദ്ദീനെ വിവരം അറിയിച്ചു. സി.ഐയുടെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. ബൈജുവിന്റെ കൂട്ടാളികളുടെ വിവരം ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. പ്രിവന്റീവ് ഓഫീസർ ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ ഷാജി, അശ്വന്ത്, അനീഷ് തുടങ്ങിയർ റെയ്ഡിൽ പങ്കെടുത്തു.