ലോക്ക് ഡൗൺ ഇളവുകൾ ആഘോഷമാക്കരുത്
കൊല്ലം: ഒരു മാസത്തിലേറെയായി തുടരുന്ന ലോക്ക് ഡൗണിന് ഇളവുകൾ നൽകിയെങ്കിലും പൊതുഇടങ്ങളിൽ ജാഗ്രതയോടെ ഇടപെട്ടില്ലെങ്കിൽ പ്രതിരോധ പ്രവർത്തനങ്ങളെല്ലാം കൈവിട്ടുപോയേക്കാം. ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ അടഞ്ഞുകിടന്നിരുന്ന ചെറുകിട വസ്ത്രവ്യാപാര ശാലകൾ ഉൾപ്പെടെയുള്ള വ്യാപാര കേന്ദ്രങ്ങൾ മിക്കതും ഇന്നലെ തുറന്നു. ഇതോടെ നിരത്തിൽ പതിവിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടു.
ജില്ലയിലെ ഒമ്പത് ഹോട്ട് സ്പോട്ടുകൾ ഒഴികെ മറ്റെല്ലായിടത്തും ഇളവുകൾ ബാധകമാണ്. കഴിഞ്ഞ ദിവസം ഏഴ് വയസുള്ള കുട്ടിക്കും ആരോഗ്യ പ്രവർത്തകയ്‌ക്കും ഉൾപ്പെടെ മൂന്നുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജില്ല വീണ്ടും ആശങ്കയുടെ നിഴലിലായത്. തമിഴ്നാടിന്റെ അതിർത്തി ഗ്രാമങ്ങളിൽ കൊവിഡ് പടരുന്നതിനാൽ ആര്യങ്കാവ് ചെക്ക്പോസ്റ്റ്, വനത്തിലൂടെയുള്ള വഴികൾ ഉൾപ്പെടെ പൊലീസ് നിരീക്ഷണത്തിലാണ്. പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കാൻ കഴിയാതെ വന്നാൽ ഒരു മാസത്തെ കർശനമായ ലോക്ക് ഡൗൺ വെറുതെയാകും. അനാവശ്യ യാത്രകൾ നടത്തുന്നവരുടെ എണ്ണം നിരത്തിൽ വർദ്ധിക്കുന്നുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. ഇളവുകൾ ഉണ്ടെങ്കിലും മതിയായ കാരണവും സത്യവാങ്മൂലവും ഇല്ലാതെ പുറത്തിറങ്ങുന്നവർ പിടിയിലാകും.
ഹോട്ട് സ്‌പോട്ടുകൾ
1. പുനലൂർ നഗരസഭ 17-ാം വാർഡ്
2. തൃക്കരുവ
3. നിലമേൽ
4. കുളത്തൂപ്പുഴ
5. ചാത്തന്നൂർ
6.തൃക്കോവിൽവട്ടം
7. നെടുമ്പന
8. ശാസ്‌താംകോട്ട
9. പോരുവഴി
ഹോട്ട് സ്പോട്ടുകളിലെ നിയന്ത്രണങ്ങൾ
റവന്യൂ, ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, സിവിൽ സപ്ലൈസ് (റേഷൻകട, സപ്ലൈകോ ഔട്ട്ലെറ്റ്, മാവേലി സ്റ്റോർ ഉൾപ്പെടെ) തുടങ്ങി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകൾ ഒഴികെ മറ്റ് ഒരു സർക്കാർ സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കരുതെന്നാണ് ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ്. അവശ്യ സാധനങ്ങൾ വീടുകളിലെത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കണമെന്നും സാമൂഹിക അടുക്കളുടെ പ്രവർത്തനം മുടങ്ങരുതെന്നും കളക്ടർ നിർദേശിച്ചു. എന്നാൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ ശാസ്താംകോട്ടയിലും പോരുവഴിയിലും ഉൾപ്പെടെ പൊലീസ് അനുമതി നൽകി.
പൊലീസ് വലയത്തിൽ
ജില്ലയിലെ ഹോട്ട് സ്‌പോട്ടുകൾ കർശനമായ പൊലീസ് വലയത്തിലാണ്. ചെക്ക് പോസ്റ്റുകൾക്ക് സമാനമായ തരത്തിൽ ബാരിക്കേഡുകളും ഡിവൈഡറുകളും സ്ഥാപിച്ച് വാഹന ഗാതഗതം പരിമിതപ്പെടുത്തി. നിയന്ത്രിത മേഖലകളിലേക്ക് കടക്കുന്നതിനും ഇവിടെ നിന്ന് പുറത്ത് പോകുന്നതിനും അനുമതിയില്ല. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ പൊലീസ് യാത്രാനുമതി നൽകൂ. അനാവശ്യമായി ചുറ്റിത്തിരിയുന്നവർ അറസ്റ്റിലാകും. ഡിവൈ.എസ്.പിമാർക്കും എ.സി.പിമാർക്കുമാണ് ഹോട്ട് സ്പോട്ടുകളിലെ സുരക്ഷാ ചുമതല.
'ബ്രേക്ക് ദി ചെയിൻ' സജീവമാക്കണം
ലോക്ക് ഡൗണിന് മുമ്പ്പ് സജീവമായിരുന്ന ഹാൻഡ് വാഷ് കോർണറുകളിൽ മിക്കതും ഇപ്പോൾ ഉപയോഗശൂന്യമാണ്. ലോക്ക് ഡൗൺ ഇളവുകൾ വന്ന സാഹചര്യത്തിൽ കൂടുതൽ ആളുകൾ പുറത്തിറങ്ങാനുള്ള സാദ്ധ്യത പരിഗണിച്ച് ഹാൻഡ് വാഷ് കോർണറുകൾ പ്രവർത്തന സജ്ജമാക്കണം.
ഡോർ ടു ഡോർ വിപണനം തടഞ്ഞു
വാഹനങ്ങളിൽ പച്ചക്കറിയുടെ ഡോർ ടു ഡോർ വിപണനം പൊലീസ് തടഞ്ഞു. രോഗവ്യാപന മേഖലകളിൽ നിന്ന് ഉൾപ്പെടെയാണ് വിപണ സംഘം വാഹനങ്ങളുമായി വരുന്നത്. ഇത്തരം വിപണനം രോഗവ്യാപന സാദ്ധ്യത വർദ്ധിപ്പിക്കുമെന്നതിനാൽ ഇവരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കടകളിൽ നിന്ന് മാത്രമേ പച്ചക്കറി വാങ്ങാവൂ.
''
ഹോട്ട് സ്പോട്ട് നിയന്ത്രണങ്ങൾ അവഗണിക്കുന്നവർകക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. ലോക്ക് ഡൗൺ ഇളവുകളുള്ള മേഖലകളിലും അനാവശ്യ യാത്രകൾ അനുവദിക്കില്ല.
എസ്.ഹരിശങ്കർ
കൊല്ലം റൂറൽ എസ്.പി