കണ്ടെത്തിയത് വീട് വൃത്തിയാക്കാനെത്തിയ ഉടമസ്ഥൻ
കൊല്ലം: മൺറോത്തുരുത്തിൽ അടച്ചിട്ടിരുന്ന വീടിന്റെ പരിസരത്ത് നിന്ന് ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന കോട കണ്ടെത്തി. സ്ഥലത്തെത്തി തെളിവ് ശേഖരിച്ച എക്സൈസ് സംഘം പ്രതികളെ കണ്ടെത്താനുള്ള തെരച്ചിൽ തുടങ്ങി.
മൺറോത്തുരുത്ത് സ്വദേശിയായ വീട്ടുടമ ജോലിക്ക് പോകാനുള്ള സൗകര്യത്തിന് വർഷങ്ങളായി കൊല്ലം നഗരത്തിലാണ് താമസം. കഴിഞ്ഞ ദിവസം മാസങ്ങളായി അടച്ചിട്ടിരുന്ന വീട് വൃത്തിയാക്കാനായി പോയി. വീടിന് പിറക് വശത്തായി സൂക്ഷിച്ചിരുന്ന വലിയ സഫാരി ബാഗ് സാധനങ്ങൾ കൊണ്ടുപോകാനായി എടുക്കാൻ ശ്രമിച്ചപ്പോൾ ഭാരം കൊണ്ട് ഉയർത്താൻ പറ്റിയില്ല. ബാഗിന്റെ സിബ് തുറന്നുനോക്കിയപ്പോൾ 35 ലിറ്ററിന്റെ വെളുത്ത കന്നാസിൽ നിറയെ ചാരായം വാറ്റാൻ പാകപ്പെടുത്തിയ കോട കണ്ടെത്തി. ഉടൻ തന്നെ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ ഐ. നൗഷാദിനെ വിവരം അറിയിക്കുകയായിരുന്നു.
എക്സൈസ് സംഘം സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ വീടിനോട് ചേർന്നുള്ള കുറ്റിച്ചെടികൾക്കിടയിൽ രണ്ട് പ്ലാസ്റ്റിക് കുടങ്ങളിൽ സൂക്ഷിച്ചിരുന്ന കോടയും കണ്ടെത്തി. എക്സൈസ് സി.ഐ നൗഷാദിന് പുറമേ ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവന്റീവ് ഓഫീസർമാരായ ശ്യാംകുമാർ, നിഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, ഗോപകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശാലിനി ശശി, ഡ്രൈവർ നിതിൻ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.