c
ഇളവുകൾ ആഘോഷമാക്കാൻ അനുവദിക്കില്ല: കാഴ്ച കാണാനിറങ്ങിയ 413 പേർ അറസ്റ്റിൽ

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ആഘോഷമാക്കാൻ നിരത്തിലിറങ്ങിയവരെ കർശന നിയന്ത്രണങ്ങളുമായി പൊലീസ് സംഘം അറസ്റ്റ് ചെയ്ത് നീക്കി. അനാവശ്യ യാത്രകൾക്കിറങ്ങിയ 413 പേരാണ് ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായത്. 410 കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് 330 വാഹനങ്ങളും പിടിച്ചെടുത്തു. കിളികൊല്ലൂർ വിദ്യാനഗർ 78 ഹക്കീമാ മൻസിലിൽ മാഹീൻ (36) നിർബന്ധിത ഗൃഹ നിരീക്ഷണം അവഗണിച്ച് പുറത്തുപോയതിന് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്തു. ഗൃഹ നിരീക്ഷണത്തിൽ തുടരുന്നവർ വീടുവിട്ട് പുറത്ത് പോകുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളെ ബോധപൂർവം അട്ടിമറിക്കുന്നവർക്കെതിരെ കർശന നിയമ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. നിരോധനാജ്ഞ നിലനിൽക്കുന്ന ചാത്തന്നൂരിൽ പൊലീസ് ഇന്നലെ റൂട്ട് മാർച്ച് നടത്തി. ആവശ്യമായ മേഖലകളിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനകളും ബൈക്ക് പട്രോളിംഗും നടത്തുന്നുണ്ട്.

കൊല്ലം റൂറൽ / സിറ്റി

രജിസ്റ്രർ ചെയ്ത കേസുകൾ: 1,41,269

അറസ്റ്റിലായവരുടെ എണ്ണം: 1,44,269

പിടിച്ചെടുത്ത വാഹനങ്ങൾ: 1,28,202