ചാത്തന്നൂർ: മീനാട് സ്വദേശിനിയായ ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുമായി അടുത്ത സമ്പർക്കം പുലർത്തിയ നൂറോളം പേരാണ് പ്രാഥമിക പട്ടികയിലുള്ളത്. ഇവരെ ഗൃഹനിരീക്ഷണത്തിലാക്കി. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ജോലി നോക്കിയിരുന്നത്. ഇവിടെ വിദേശത്തുനിന്നെത്തി ഗൃഹനിരീക്ഷണത്തിലായിരുന്ന 17 പേരാണുള്ളത്. ഇവരുടെ സ്രവം പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു. ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ, നഴ്സ്, മറ്റ് ജീവനക്കാർ എന്നിവരുടെയും സ്രവം പരിശോധനയ്ക്കായി എടുത്തുതുടങ്ങി. പരവൂർ അഗ്നി രക്ഷാസേനയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രം അണുവിമുക്തമാക്കി.